
കൊച്ചി; മോഹന്‍ലാല്‍ നായകനായ മേജര്‍ രവിയുടെ ചിത്രം കർമ്മയോദ്ധയുടെ തിരക്കഥ മേജർ രവിയുടേത് അല്ലെന്ന് കോടതിയുടെ കണ്ടെത്തൽ.
യഥാര്‍ത്ഥ തിരക്കഥാകൃത്തിന് 30 ലക്ഷം രൂപയും സിനിമയുടെ പകർപ്പ് അവകാശവും നൽകണമെന്നും കോടതി വിധിച്ചു. കർമ്മയോദ്ധയുടെ തിരക്കഥ തന്റേതാണെന്ന് ചൂണ്ടിക്കാട്ടി പുതുപ്പള്ളി സ്വദേശി റെജി മാത്യു നല്കിയ ഹര്‍ജി അംഗീകരിച്ചു കൊണ്ടാണ് കോട്ടയം കോമേഴ്സ്യൽ കോടതിയുടെ വിധി.
കര്‍മ്മ യോദ്ധയുടെ തിരക്കഥ തന്റെ പക്കല്‍ നിന്ന് മേജര്‍ രവി വാങ്ങിക്കൊണ്ടു പോയതാണെന്നും അതിന്റെ ക്രെഡിറ്റ് തനിയ്ക്ക് തന്നിട്ടില്ലെന്നുമായിരുന്നു റെജി മാത്യുവിന്റെ പരാതി.

അതേസമയം തിരക്കഥ തന്റേത് തന്നെയാണെന്നും മോഷ്ടിച്ചതാണെന്ന റെജി മാത്യുവിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നുമുള്ള നിലപാടിലാണ് മേജര്‍ രവി. റെജി തന്റെ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് തിരക്കഥ മോഷണം പോയിരുന്നെന്നും പിന്നീട് അതില്‍ ചില തിരുത്തലുകള്‍ വരുത്തി സ്വന്തം തിരക്കഥയെന്ന പോലെ റെജി അവതരിപ്പിക്കുകയായിരുന്നെന്നും മേജര്‍ രവി ആരോപിച്ചു.
വംശം, ആയിരം മേനി തുടങ്ങിയ സിനിമകളുടെ തിരിക്കഥ എഴുതിയത് റെജി മാത്യുവാണ്. നടി ആശാ ശരത് ആയിരുന്നു സിനിമയിലെ പ്രധാന സ്ത്രീ കഥാപാത്രം. 12 വർഷം നീണ്ട കോടതി നടപടികൾക്ക് ശേഷമാണ് റെജിക്ക് അനുകൂലമായി ഇപ്പോള്‍ കോടതി വിധി വന്നത്


