
കൊച്ചി; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ലാൻഡിങ് ഗിയറിലെ തകരാറിനെ തുടർന്ന്
നെടുമ്പാശ്ശേരിയില്‍ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അടിയന്തരമായി ഇറക്കി. ജിദ്ദയിൽ നിന്ന് കരിപ്പൂരിൽ ഇറങ്ങേണ്ട എയർ ഇന്ത്യ എക്സപ്രസാണ് നെടുമ്പാശ്ശേരിയിൽ ഇറക്കിയത്. വിമാനത്തിൽ 160 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാർ സുരക്ഷിതരാണെന്ന് സിയാൽ അറിയിച്ചു. ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്ക് രാവിലെ എത്തേണ്ട വിമാനമായിരുന്നു ഇത്. യാത്രമധ്യേ വിമാനത്തിന് സാങ്കേതിക തകരാറുകൾ സംഭവിച്ചതിനെ തുടർന്ന് അടിയന്തര ലാൻഡിങ് വേണമെന്ന് പൈലറ്റ് ആവശ്യപ്പെടുകയായിരുന്നു

ലാൻഡിങ് ഗിയറിന് തകരാർ സംഭവിച്ചതായും വിമാനത്തിന്റെ രണ്ട് ടയറുകള്‍ പൊട്ടിയതായുമാണ് വിവരം. പുലർച്ചെ വിമാനം ജിദ്ദയിൽ നിന്ന് ടേക്ക് ഓഫ് ചെയ്യുമ്പോൾ തന്നെ ടയറുകളിലൊന്ന് പൊട്ടിയതായാണ് സംശയം. ടേക്ക് ഓഫ് സമയത്ത് വലിയ ശബ്ദവും വിമാനത്തിനുള്ളിൽ വലിയ കുലുക്കവും അനുഭവപ്പെട്ടിരുന്നതായി യാത്രക്കാർ പറയുന്നു. എന്നാൽ, കൊച്ചിയിലെത്തിയപ്പോഴാണ് സാങ്കേതിക തകരാർ ഉണ്ടായ കാര്യം യാത്രക്കാരെ അറിയിച്ചത്. കോഴിക്കോട്ടേക്ക് റോഡ് മാർഗ്ഗം പോകണമെന്നാണ് യാത്രക്കാർക്ക് എയർ ഇന്ത്യ നിർദേശം നൽകിയിരിക്കുന്നത്. അതേ സമയം വിമാനം ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിമാനത്താവളത്തിൽ യാത്രക്കാരും എയർ ഇന്ത്യ അധികൃതരും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു


