
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വെറുതെ വിട്ടതിന് പിന്നാലെ ദിലീപിന്റെ പാസ്പോർട്ട് തിരിച്ചു നല്കാൻ എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി നിര്‍ദ്ദേശം. പുതിയ സിനിമയുടെ പ്രമോഷന് വേണ്ടി വിദേശത്തേക്ക് പോകണം എന്നതുൾപ്പെടെയുള്ള ദിലീപിന്റെ ആവശ്യം അംഗീകരിച്ചാണ് കോടതിയുടെ തീരുമാനം. കേസില്‍ നേരത്തെ അറസ്റ്റിലായ സമയത്ത് ജാമ്യം ലഭിച്ചപ്പോൾ വ്യവസ്ഥകളുടെ ഭാഗമായാണ് ദിലീപ് കോടതിയില്‍ പാസ്പോർട്ട് സമർപ്പിച്ചത്. തുടര്‍ന്ന് ദിലീപ് വ്യവസ്ഥകളില്‍ പല തവണ ഇളവ് തേടുകയും വിദേശത്തേക്ക് പോവുകയും ചെയ്തിരുന്നു. പിന്നീട് പാസ്പോർട്ട് വീണ്ടും കോടതിയുടെ കസ്റ്റഡിയിലായി

കേസില്‍ കുറ്റവിമുക്തനായ ദിവസം തന്നെ പാസ്പോർട്ട് തിരിച്ച് നല്‍കണം എന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രോസിക്യൂഷൻ എതിര്‍ത്തു. വിധിക്കെതിരെ അപ്പീല്‍ പോകേണ്ട ആവശ്യമുണ്ടെന്നും പാസ്പോർട്ട് തിരിച്ച് നല്‍കരുതെന്നുമാണ്
പ്രോസിക്യൂഷന് വാദിച്ചത്.
എന്നാല്‍ വിഷയം ഇന്ന് വീണ്ടും പരിഗണിച്ച കോടതി ദിലീപ് കേസില്‍ കുറ്റ വിമക്തൻ ആണെന്നും കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യബോണ്ടുകൾ അവസാനിച്ചെന്നും ചൂണ്ടിക്കാട്ടി. അത് കൊണ്ടു തന്നെ പാസ്പോർട്ട് തിരിച്ചു നല്‍കാമെന്ന് കോടതി ഉത്തരവിട്ടു


