

തിരുവനന്തപുരം: മുൻ എൽഡിഎഫ് സർക്കാരിന്റെ കെ റെയിലിന് പകരം യുഡിഎഫ് സർക്കാർ പരിഗണിക്കുന്ന അതിവേഗ റെയിൽ പദ്ധതിയുടെ പഠനത്തിന് നാലംഗ സമിതി രൂപീകരിച്ചു. ഗതാഗത സെക്രട്ടറി അധ്യക്ഷനാകുന്ന സമിതി മെട്രോമാൻ ഇ ശ്രീധരൻ സമർപ്പിച്ച ബദൽ പദ്ധതിയുടെ ഗുണദോഷങ്ങൾ വിശദമായി പഠിക്കും. ഇതിന് ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. കിലോമീറ്ററിന് 127 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് ഇ ശ്രീധരൻ മുന്നോട്ടു വെച്ചത്. പരമാവധി ചെലവ് 60,000 കോടിയായിരിക്കും. റെയിൽവേക്കും സംസ്ഥാന സർക്കാറിനും 18,000 കോടി വീതം ചെലവ്. 24,000 കോടി പൊതുജനങ്ങളുടെ ഓഹരി. 140 കിലോമീറ്ററായിരിക്കും പരമാവധി വേഗം. തിരുവനന്തപുരം-കണ്ണർ യാത്രക്ക് മൂന്നര മണിക്കൂർ പദ്ധതി വിഭാവനം ചെയ്യുന്നത്
ഓരോ സ്റ്റേഷനുകൾ തമ്മിലും 21.5 കിലോമീറ്റർ ദൂരമുണ്ടാവും. 5 വർഷം കൊണ്ടാവും നിർമാണം പൂർത്തീകരിക്കുക

കെ റെയില്‍ നടപ്പിലാകില്ലെന്ന് വ്യക്തമായതോടെ കഴിഞ്ഞ എൽഡിഎഫ് സർക്കാർ റാപ്പിഡ് റെയിൽ പദ്ധതി മുന്നോട്ട് വെച്ചിരുന്നു. ഈ പദ്ധതി ഒഴിവാക്കിയാണ് ഇ.ശ്രീധരൻ്റെ പദ്ധതിയിൽ പഠനം നടത്താൻ സർക്കാർ ഒരുങ്ങുന്നത്. കെ റെയിലിനെ അപേക്ഷിച്ച് വ്യത്യസ്ഥമായി തൂണുകളും ഭൂഗർഭ പാതകളുമാണ് പുതിയ പദ്ധതിയിൽ പരിഗണിക്കുന്നത്. കെ റെയിലിനെ അപേക്ഷിച്ച് സ്ഥലമേറ്റെടുക്കുന്നത് കുറയുമെന്നാണ് ബദൽ പദ്ധതിയുടെ മെച്ചമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. റെയിൽവേ മേഖലയിലെ വിദഗ്ധൻ ജെ വിനയൻ, ധനകാര്യ വിദഗ്ധൻ ഡോ. സി വീരമണി, പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണൻ എന്നിവരാണ് സമിതിയിലുള്ളത്. മുൻപ് കെ-റെയിൽ പദ്ധതിയെ പരിസ്ഥിതി പരമായി ശക്തമായി എതിർത്ത പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണനെയും സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്








