
കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ ആര്‍ജെഡി നേതാവും മുന്‍ മന്ത്രിയുമായ നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ട ഹൈക്കോടതി ഉത്തരവിനെതിരെ
അതിജീവിത അപ്പീലുമായി സുപ്രീം കോടതിയിലേക്ക്. എല്ലാ വിശദാംശങ്ങളും പരിശോധിച്ചല്ല ഹൈക്കോടതി ഉത്തരവെന്നും തീരുമാനത്തില്‍ പിഴവുണ്ടായെന്നും ആരോപിച്ചാണ് അപ്പീല്‍. 1999 ഫെബ്രുവരി 27നാണ് കേസിനാസ്പദമായ സംഭവം. അന്ന് വനം മന്ത്രിയായിരുന്ന നീലലോഹിതദാസന്‍ നാടാര്‍ ഫോണില്‍ നിര്‍ദേശിച്ച പ്രകാരം ഔദ്യോഗിക ചര്‍ച്ചയ്ക്കായി കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിലെത്തിയ ഉദ്യോഗസ്ഥയെ ചര്‍ച്ച കഴിഞ്ഞ് മടങ്ങുന്ന സമയം കടന്നു പിടിക്കുകയും അപമാനിക്കുകയും ചെയ്തെന്നായിരുന്നു പരാതി. ഇതില്‍ ഒരു വര്‍ഷത്തേക്ക് ശിക്ഷിച്ച വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കുകയായിരുന്നു

2002 ഫെബ്രുവരിയില്‍ നീലലോഹിതദാസന്‍ നാടാര്‍ക്കെതിരെ ഒരു മുന്‍ ഐഎഎസ് ഉദ്യോഗസ്ഥ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥയും അന്നത്തെ ഡിജിപിക്ക് പരാതി നല്‍കുകയും കേസെടുക്കുകയും ചെയ്തത്. കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. അപ്പീല്‍ നല്‍കുന്നതിനായി ശിക്ഷ നടപ്പാക്കുന്നത് കോടതി ഒരു മാസത്തേക്കു മാറ്റി വെച്ചിരുന്നു. തുടര്‍ന്ന് നീലലോഹിതദാസന്‍ നാടാര്‍ ഹൈക്കോടതിയെ സമീപിക്കുകയും ശിക്ഷ റദ്ദാക്കി വെറുതെ വിടുകയുമായിരുന്നു


