കൊച്ചി: ആകാശത്ത് വെച്ച് വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച് അതിക്രമം കാട്ടിയ മലയാളി യുവാവ് മജിസ്ട്രേറ്റിന് മുന്നിലും പരാക്രമം കാട്ടി. പാലക്കാട് സ്വദേശി ജംഷീറാണ് മജിസ്ട്രേറ്റിന് മുന്നിൽ വെച്ച് ജാമ്യ പേപ്പറുകൾ വലിച്ചു കീറിയത്.
കോലാലമ്പൂരിൽ നിന്ന് കൊച്ചിയിലേക്ക് വന്ന ബാറ്റിക് എയറിന്റെ വിമാനത്തിലാണ് ജംഷീർ കഴിഞ്ഞ ദിവസം അതിക്രമം കാട്ടിയത്. വിമാന യാത്രയ്ക്കിടെ എമർജൻസി വാതിൽ ബലമായി തുറക്കാൻ ശ്രമിച്ച ഇയാളെ സഹയാത്രികരും ക്യാബിൻ ക്രൂവും ചേർന്ന് തടയുകയായിരുന്നു. വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ശേഷം ജംഷീറിനെ സി.ഐ.എസ്.എഫിന് കൈമാറി
തുടർന്ന് ഇയാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോഴാണ് വീണ്ടും നാടകീയ സംഭവങ്ങളുണ്ടായത്. ജാമ്യ പേപ്പറുകൾ വലിച്ചു കീറിയെറിഞ്ഞ ജംഷീറിനെ പൊലീസ് ഇടപെട്ട് പിടിച്ചു മാറ്റുകയായിരുന്നു.
അതേസമയം, യുവാവിന് ഗുരുതരമായ മാനസിക പ്രശ്നങ്ങളൊന്നും കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്.
സംഭവത്തിൽ നെടുമ്പാശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്
