
ടൊറന്റോ∙ ഇൻജറി ടൈമിൽ നേടിയ ആ ‘കോസ്റ്റ്ലി’ ഗോളിലൂടെ ഐവറി കോസ്റ്റിനെ കീഴടക്കി ജർമനി ഫിഫ ലോകകപ്പ് 2026 നോക്കൗട്ട് റൗണ്ടിൽ കടന്നു. ഗ്രൂപ്പ് ഇ മത്സരത്തിൽ ഐവറി കോസ്റ്റിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജർമനി പരാജയപ്പെടുത്തിയത്. ഇരട്ട ഗോൾ നേടിയ ഡെനിസ് ഉൺഡാവ് ആണ് ജർമനിയുടെ രക്ഷകനായത്. ഇൻജറി ടൈമിലായിരുന്നു ഉൺഡാവിന്റെ രണ്ടാമത്തെ ഗോൾ, ജർമനിയുടെ വിജയഗോളും.

30–ാം മിനിറ്റിൽ ഐവറി കോസ്റ്റ് നേടിയ ആദ്യ ഗോളിന് 68–ാം മിനിറ്റിലാണ് ജർമനി മറുപടി നൽകിയത്. കളി തീരാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ 90+4–ാം മിനിറ്റിലായിരുന്നു ഡെനിസ് ഉൻഡാവിന്റെ രണ്ടാം ഗോൾ. 30-ാം മിനിറ്റിലാണ് ജർമനിയെ ഞെട്ടിച്ചുകൊണ്ട് ഐവറി കോസ്റ്റിന്റെ ഗോൾ പിറന്നത്. ഐവറി കോസ്റ്റ് താരം പോസ്റ്റിലേക്ക് ഷൂട്ട് ചെയ്ത ബോൾ ജർമൻ ഡിഫൻഡറിൽ നിന്ന് റീബൗണ്ട് ചെയ്ത് ഫ്രാങ്ക് കെസ്സിയിലേക്ക് എത്തുകയായിരുന്നു. കെസ്സിയുടെ ബൂട്ടിൽനിന്നു നേരെ പോസ്റ്റിന്റെ ഇടതുമൂലയിലൂടെ വലയിലേക്ക്.

38–ാം മിനിറ്റിൽ ജർമനിയുടെ ഹാവെർട്സ് ഐവറി കോസ്റ്റിന്റെ വല കുലുക്കിയെങ്കിലും ജമാൽ മുസിയാല കൊസൗനുവിനെ ഫൗൾ ചെയ്തതിനാൽ റഫറി ഗോൾ അനുവദിച്ചില്ല. ജർമനി കടുത്ത ആക്രമണം അഴിച്ചുവിട്ടെങ്കിലും ഐവറി കോസ്റ്റിന്റെ പ്രതിരോധം മറികടക്കാനായില്ല. നിരവധിത്തവണയാണ് ജർമനി ഐവറികോസ്റ്റിന്റെ പോസ്റ്റ് ലക്ഷ്യമാക്കി പാഞ്ഞത്. ഓരോ തവണയും നിരാശയായിരുന്നു ഫലം. ആദ്യ പകുതിയിൽ രണ്ട് ഷോട്ട് ഓൺ ടാർഗറ്റ് ആണ് ജർമനി നടത്തിയത്. ജർമനിയുടെ ബോക്സിനകത്ത് സമ്മർദം സൃഷ്ടിക്കാൻ ഐവറി കോസ്റ്റിനുമായി.

