
ഹൂസ്റ്റൺ: ഫിഫ ലോകകപ്പിലെ നിർണായക പോരാട്ടത്തിൽ സ്വീഡനെ വീഴ്ത്തി ആദ്യ ജയം സ്വന്തമാക്കി നെതർലൻഡ്സ്. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് നെതർലൻഡ്സിന്റെ ജയം.. ആദ്യ പകുതിയിൽ 6,17 മിനിറ്റുകളിലും രണ്ടാം പകുതിയിൽ 47, 54, 89 മിനിറ്റുകളിലുമാണ് നെതർലൻഡ്സ് ഗോൾ നേടിയത്. ബ്രയാൻ ബ്രോബി ആദ്യ പകുതിയിൽ ഇരട്ട ഗോളുകൾ നേടിയപ്പോൾ രണ്ടാം പകുതിയിൽ കോഡി ഗാക്പോയുടെ വകയാണ് ‘ഡബിൾ’. 59–ാം മിനിറ്റിൽ ആന്റണി എലങ്കയാണ് സ്വീഡനു വേണ്ടി ആശ്വാസ ഗോൾ നേടിയത്. ജയത്തോടെ നാലു പോയിന്റുമായി ഗ്രൂപ്പ് എഫിൽ ഒന്നാമതായി. സ്വീഡൻ രണ്ടാമതാണ്.

ആറാം മിനിറ്റിൽ ഇടതു വിങ്ങിൽ നിന്ന് കോഡി ഗാക്പോ പെനൽറ്റി ഏരിയയിലേക്ക് നീട്ടി നൽകിയ പന്ത് പോസ്റ്റിന് തൊട്ടുമുന്നിൽ നിന്ന് ബ്രയാൻ ഷൂട്ട് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു. 17–ാം മിനിറ്റിൽ ബോക്സിന്റെ വലതു വിങ്ങിൽ നിന്ന് പോസ്റ്റ് ലക്ഷ്യമാക്കി ഷൂട്ട് ചെയ്ത പന്ത്, ബ്രയാൻ തട്ടി കൃത്യമായി പോസ്റ്റിലേക്ക് കയറ്റുകയായിരുന്നു.

സ്വീഡൻ പോസ്റ്റിൽ രണ്ട് ഗോളുകൾ വീണതോടെ ടീം ഉണരുന്ന കാഴ്ചയാണ് കണ്ടത്. അതിന് മുൻപ് സ്വന്തം പകുതിയിൽ നിന്ന് അപ്പുറം കടക്കാനാകാതെ കുടുങ്ങിയ സ്വീഡൻ നെതർലൻഡ്സിന്റെ രണ്ട് ഗോളുകൾക്ക് ശേഷം ആക്രമണം കടുപ്പിച്ചു. ഹാഫ് ടൈം വിസിൽ മുഴങ്ങുന്നതിനു തൊട്ടുമുൻപുവരെ, നിരവധിത്തവണയാണ് നെതർലൻഡ് ബോക്സിനകത്ത് സ്വീഡൻ സമ്മർദമുണ്ടാക്കിയത്. 28-ാം മിനിറ്റിൽ സ്വീഡന് മികച്ച അവസരം ലഭിച്ചെങ്കിലും പാഴായി. നെതർലൻഡ്സ് ഡിഫൻഡർമാരെ വെട്ടിച്ച് ഇടതുവിങ്ങിലൂടെ വിക്ടർ ലിൻഡെൽഹോഫ് പോസ്റ്റിന് കുറുകെ പാസ് ചെയ്തു. പോസ്റ്റിന് മുന്നിൽനിന്നു ജെസ്പർ കാൾസ്റ്റോം ഷൂട്ട് ചെയ്തെങ്കിലും പോസ്റ്റിന് പുറത്തേയ്ക്കു പന്ത് തെറിച്ചു.
32-ാം മിനിറ്റിൽ വിക്ടർ ഗ്യോകേറെസ് പോസ്റ്റിലേക്ക് ഷൂട്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും നെതർലൻഡ്സ് ഗോൾ കീപ്പർ ബാർട്ട് വെർബ്രുഗെൻ പന്ത് കൈപ്പിടിയിലൊതുക്കി. 44-ാം മിനിറ്റിൽ സ്വീഡൻ നെതർലൻഡ്സിന്റെ വല കുലുക്കിയെങ്കിലും റഫറി ഓഫ്സൈഡ് ഫ്ലാഗ് ഉയർത്തി. ഫ്രീകിക്ക് എടുത്ത സ്വീഡൻ താരം പോസ്റ്റിലേക്ക് ഉയർത്തി നൽകിയ പന്ത് ഗുസ്താഫ് ലാഗെർബീൽക്ക് ഹെഡ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു. ഹാഫ് ടൈം വിസിൽ മുഴങ്ങിയപ്പോൾ നെതർലൻഡ്സ് –2 സ്വീഡൻ– 0
ആദ്യ പകുതിയിൽ പത്ത് ഷോട്ടുകളാണ് സ്വീഡൻ നെതർലൻഡ്സ് പോസ്റ്റിലേക്ക് തൊടുത്തുവിട്ടത്. അതേസമയം ഏഴ് ഷോട്ടുകൾ സ്വീഡനെതിരെ തൊടുത്തുവിട്ട നെതർലൻഡ്സിന് 4 ഷോട്ട് ഓൺ ടാർഗറ്റ് ആണുള്ളത്. ആദ്യ പകുതിയിൽ നെതർലൻഡ്സ് അഞ്ച് ഫൗളുകൾ വഴങ്ങി. സ്വീഡൻ നാല് ഫൗളുകളാണ് വഴങ്ങിയത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ നെതർലൻഡ്സ് വീണ്ടും വലകുലുക്കി. ഇത്തവണ കോഡി ഗാക്പോയുടെ വകയായിരുന്നു ഗോൾ. 47–ാം മിനിറ്റിൽ വലതു വിങ്ങിൽനിന്ന് ഡെൻസൽ ഡംഫ്രീസ് പോസ്റ്റിലേക്ക് തൊടുത്തുവിട്ട പന്ത്, പോസ്റ്റിന് തൊട്ടുമുന്നിൽ നിന്നും കോഡി കൃത്യമായി തട്ടി വലയിൽ കയറ്റുകയായിരുന്നു.
അധികം വൈകാതെ കോഡിയുടെ കാലിൽനിന്നു തന്നെ ഡച്ച് പടയുടെ നാലാം ഗോളും പിറന്നു. 54–ാം മിനിറ്റിൽ സ്വന്തം പകുതിയിൽ നിന്ന് പന്തുമായി സ്വീഡൻ ബോക്സിലേക്ക് ഓടിയടുത്ത ക്രൈസെൻസിയോ സമ്മർവിൽ ബോക്സിന് തൊട്ടരികിൽ നിന്ന് കോഡി ഗാക്പോയ്ക്ക് പാസ് ചെയ്തു. ബോക്സിനകത്തുനിന്ന് സ്വീഡൻ ഡിഫൻഡറെ വെട്ടിച്ച് ഗോൾ പോസ്റ്റിന്റെ ഇടത് മൂലയിലൂടെ കോഡി പന്ത് വലയിലെത്തിച്ചു.
കളഞ്ഞുകുളിച്ച ഒട്ടേറെ അവസരങ്ങൾക്കൊടുവിൽ 59–ാം മിനിറ്റിലാണ് സ്വീഡൻ ഒരു ഗോൾ മടക്കിയത്. മധ്യവരയ്ക്കരികിൽ നിന്ന് സ്വീഡന്റെ അലകസാണ്ടർ ഐസക് നീട്ടി നൽകിയ പാസ് നെതർലൻഡ്സ് ഡിഫൻഡർമാരെയും കടന്ന് ആന്റണി എലങ്ക ഓടിയെടുത്തു. പോസ്റ്റ് ലക്ഷ്യമാക്കി തൊടുത്ത ഷോട്ട്, ഓടിയെത്തിയ ഗോൾ കീപ്പറെയും വെട്ടിച്ച് നെതർലൻഡ്സ് വല കുലുക്കി.

