
കൊച്ചി; ഒരു വീട്ടിൽ കള്ളൻ കയറുകയാണെങ്കിൽ വാതിൽ തകർക്കേണ്ടി വരും. എന്നാൽ ഇന്ന് സൈബർ തട്ടിപ്പ് നടത്താന്‍ നിങ്ങളുടെ വീട്ടിൽ കയറേണ്ടതില്ല. നിങ്ങളുടെ മനസ്സിലേക്ക് കയറാൻ കഴിഞ്ഞാൽ മാത്രം മതി. ഇന്നത്തെ സൈബർ കുറ്റകൃത്യങ്ങളെന്നത് കമ്പ്യൂട്ടർ ഹാക്കിങ്ങിന്റെ കഥ മാത്രമല്ല, മനുഷ്യരുടെ ചിന്തയെയും തീരുമാനമെടുക്കുന്ന നിമിഷത്തെയും ഹാക്ക് ചെയ്യുന്ന ‘സൈക്കോളജിക്കൽ ഹാക്കിങ്’ എന്ന പുതിയ രീതിയിലുള്ള കുറ്റകൃത്യമാണ് ഇത്.
കേരളത്തിൽ വിദ്യാഭ്യാസവും ഡിജിറ്റൽ ഉപയോഗവും ഉയരുന്നതിനൊപ്പം, സൈബർ തട്ടിപ്പുകളും ദിനം പ്രതി വർധിച്ചു കൊണ്ടിരിക്കുകയാണ്.

അപ്പോള്‍ ചോദ്യം ഇതാണ്, അറിവുള്ള ആളുകൾ പോലും എന്തുകൊണ്ട് വീണ്ടും വീണ്ടും ഈ വലയിൽ വീഴുന്നു..?

സൈക്കോളജിക്കൽ ഹാക്കിങ് ആണ് ഇവിടെ അവരുടെ യഥാർത്ഥ ആയുധം.
സൈബർ തട്ടിപ്പുകാർ ആദ്യം നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യില്ല.
അവർ ആദ്യം ഹാക്ക് ചെയ്യുന്നത്,
നിങ്ങളുടെ ഭയം
നിങ്ങളുടെ വിശ്വാസം
നിങ്ങളുടെ അത്യാഗ്രഹം
നിങ്ങളുടെ തിരക്ക്
നിങ്ങളുടെ സഹായ മനോഭാവം എന്നിവയാണ്
“ഇപ്പോൾ തന്നെ ചെയ്യണം..”, “അഞ്ച് മിനിറ്റിനകം അക്കൗണ്ട് ബ്ലോക്ക് ചെയ്യും..”, “നിങ്ങളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്..” എന്നിങ്ങനെ ചിന്തിക്കാൻ സമയം നൽകാത്ത രീതിയിലായിരിക്കും തട്ടിപ്പ് നടത്തുന്നവരുടെ സംഭാഷണം.
ഇതിനെ വിദഗ്ധർ Social Engineering എന്നാണ് വിളിക്കുന്നത്
ഇപ്പോൾ കൂടുതലായി കാണുന്ന തട്ടിപ്പുകൾ
1. Digital Arrest Scam പോലീസ്, CBI, ED, TRAI എന്നിവയുടെ പേരിൽ വീഡിയോ കോൾ. കേസിൽ പ്രതിയാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടൽ
2. Investment Scam ക്രിപ്റ്റോ, ഓഹരി, AI ട്രേഡിംഗ് എന്നിവയുടെ പേരിൽ വ്യാജ ആപ്പുകളും ടെലിഗ്രാം ഗ്രൂപ്പുകളും വഴി നിക്ഷേപം തട്ടൽ
3. Part-time Job Scam ലൈക്ക് ചെയ്യുക, റിവ്യൂ എഴുതുക, വീട്ടിലിരുന്ന് ജോലി ചെയ്യുക എന്ന വാഗ്ദാനങ്ങളിലൂടെ ആദ്യം ചെറിയ തുക നൽകി പിന്നീട് വലിയ തുക തട്ടൽ
4. APK & Screen Sharing Scam APK ഫയൽ അല്ലെങ്കിൽ Screen Sharing ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് മൊബൈൽ നിയന്ത്രണം കൈവശപ്പെടുത്തൽ
5. Fake Customer Care ഗൂഗിളിൽ കാണുന്ന വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ വഴി ബാങ്ക് വിവരങ്ങൾ കൈക്കലാക്കൽ
6. QR Code & UPI Scam “പണം സ്വീകരിക്കാൻ QR സ്കാൻ ചെയ്യൂ” അല്ലെങ്കിൽ Collect Request അംഗീകരിക്കൂ എന്ന് പറഞ്ഞ് അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെടുത്തൽ
7. AI Voice Scam AI ഉപയോഗിച്ച് ബന്ധുവിന്റെയോ സുഹൃത്തിന്റെയോ ശബ്ദം അനുകരിച്ച് അടിയന്തരമായി പണം ആവശ്യപ്പെടൽ
എന്തുകൊണ്ട് കേസുകൾ വീണ്ടും വീണ്ടും വര്‍ദ്ധിക്കുന്നു..?
സൈബർ തട്ടിപ്പുകാർ ഒരു സംസ്ഥാനത്തെയോ ഒരു ജില്ലയെയോ മാത്രം ലക്ഷ്യമിടുന്നില്ല. ആയിരക്കണക്കിന് നമ്പറുകളിലേക്ക് ഒരേ സമയം സന്ദേശങ്ങളും കോളുകളും അയയ്ക്കുന്നു. വളരെ ചെറിയ ശതമാനം ആളുകൾ പ്രതികരിച്ചാലും അവർക്ക് വലിയ സാമ്പത്തിക നേട്ടം ലഭിക്കും.
കേരളത്തിൽ ഡിജിറ്റൽ പേമെന്റുകളുടെ വ്യാപക ഉപയോഗം, സ്മാർട്ട്ഫോൺ പ്രചാരം, സോഷ്യൽ മീഡിയ ആശ്രയം എന്നിവ കാരണം ഇത്തരം ശ്രമങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തുന്നു. പല തട്ടിപ്പ് കേസുകളിലും പണം വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെയും രാജ്യാന്തര നെറ്റ്വർക്കുകളിലൂടെയും വേഗത്തിൽ മാറ്റുന്നതിനാൽ അന്വേഷണം സങ്കീർണമാകുന്നു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേരളത്തിൽ ഡിജിറ്റൽ അറസ്റ്റ്, വ്യാജ ഇൻവെസ്റ്റ്മെന്റ്, ഓൺലൈൻ പാർട്ട്-ടൈം ജോലി, കസ്റ്റമർ കെയർ തട്ടിപ്പ് തുടങ്ങിയ കേസുകളിൽ നിരവധി പേർക്ക് ലക്ഷക്കണക്കിന് രൂപ നഷ്ടമായതായി പൊലീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സൈബർ ക്രൈം പൊലീസ് ഇത്തരം കേസുകളിൽ നിരന്തരം മുന്നറിയിപ്പുകളും ബോധവത്കരണവും നടത്തിവരികയാണ്
എങ്ങനെ രക്ഷപ്പെടാം..?
അറിഞ്ഞിരിക്കുക
1. ബാങ്ക്, RBI, പൊലീസ്, CBI, ED എന്നിവർ ഫോൺ വഴി OTP, UPI PIN, CVV, Password ചോദിക്കില്ല
2. APK ഫയലുകൾ ഇൻസ്റ്റാൾ ചെയ്യരുത്
3. പരിചയമില്ലാത്ത ലിങ്കുകളിലും QR കോഡുകളിലും ക്ലിക്ക് ചെയ്യരുത്
4. Screen Sharing ആപ്പുകൾ ആവശ്യപ്പെട്ടാൽ കോൾ അവസാനിപ്പിക്കുക
5. സംശയം തോന്നിയാൽ സ്ഥാപനത്തിന്റെ ഔദ്യോഗിക നമ്പറിൽ നേരിട്ട് വിളിച്ച് ഉറപ്പാക്കുക
6. പണം നഷ്ടമായെന്ന് മനസ്സിലായാൽ ഉടൻ ബാങ്കിനെ അറിയിക്കുകയും 1930-ൽ പരാതി നൽകുകയും ചെയ്യുക. കൂടാതെ cybercrime.gov.in വഴി പരാതി രജിസ്റ്റർ ചെയ്യാം
നിയമവും പിന്തുണയും എന്തെല്ലാം..?
ഇന്ത്യയിൽ സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ സംസ്ഥാന സൈബർ പൊലീസ് യൂണിറ്റുകളും ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്റർ (I4C) പോലുള്ള സംവിധാനങ്ങളും പ്രവർത്തിക്കുന്നു. വേഗത്തിൽ പരാതി നൽകിയാൽ ചില സാഹചര്യങ്ങളിൽ തട്ടിയെടുത്ത പണം ബാങ്കിംഗ് ശൃംഖലയിൽ തടയാൻ അധികൃതർക്ക് കഴിയുന്ന അവസരങ്ങളും ഉണ്ടാകാം
അറിയുക, സാങ്കേതിക വിദ്യ ഒരു ഭീഷണിയല്ല. അറിവില്ലായ്മയും അശ്രദ്ധയുമാണ് യഥാർത്ഥ ഭീഷണി.
ഓരോ തട്ടിപ്പും നമ്മെ ഒരു പാഠം പഠിപ്പിക്കുന്നു. തിടുക്കത്തിൽ തീരുമാനമെടുക്കരുത്, സംശയിക്കുക, പരിശോധിക്കുക, പിന്നെ മാത്രം പ്രതികരിക്കുക.
സൈബർ സുരക്ഷ സോഫ്റ്റ്വെയറിൽ തുടങ്ങുന്നില്ല, അത് നമ്മുടെ ചിന്തയിലാണ് തുടങ്ങുന്നത്. ഓര്‍ക്കുക,
ഒരു നിമിഷത്തെ ജാഗ്രത നിങ്ങളുടെ വർഷങ്ങളുടെ സമ്പാദ്യവും മനസ്സമാധാനവും സംരക്ഷിച്ചേക്കാം

