
സ്ത്രീകൾക്ക് ഏറ്റവും പ്രിയമുള്ള ഒന്നാണ് സ്വർണം. കല്യാണങ്ങൾക്കും മറ്റ് പരിപാടികൾക്കും ആഭരണങ്ങൾ അണിയുക എന്നതും സ്ത്രീകൾക്ക് ഇഷ്ടമുള്ള കാര്യമാണ്. എന്നാല്‍
കല്യാണങ്ങൾക്ക് അധികം സ്വർണം ധരിക്കരുത് എന്ന തീരുമാനം നടപ്പിലാക്കിയിരിക്കുകയാണ് ഒരു പഞ്ചായത്ത്. സ്വർണാഭരണങ്ങള്‍ വിവാഹത്തിന് അണിയേണ്ടെന്നല്ല, പരിമിതമാക്കണമെന്നാണ് ഈ പഞ്ചായത്തിന്റെ ഉത്തരവ്.
നിരവധി സ്ത്രീകൾ മറ്റുള്ളവര്‍ ധരിച്ച ആഭരണങ്ങള്‍ കണ്ട് സ്വർണം വാങ്ങാൻ വാശി പിടിക്കുകയാണെന്നും ഇത് വീട്ടുകാർക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നുമെന്നുമാണ് പഞ്ചായത്തിന്റെ നിരീക്ഷണം.
അതിനാലാണ് സ്വർണം കുറയ്ക്കാനും നിയമം ലംഘിക്കുന്നവർക്ക് പിഴയീടാക്കാനും പഞ്ചായത്ത് തീരുമാനിച്ചത്

ഡെറാഡൂൺ ജില്ലയിലെ യമുന, ടൺസ് നദികൾക്കിടയിൽ സ്ഥിതി ചെയ്യുന്ന കാന്തർ, ഇന്ദ്രാണി ഗ്രാമങ്ങളാണ് ഈ വിചിത്ര തീരുമാനം കൈക്കൊണ്ടത്. ഇനി മുതൽ വിവാഹങ്ങളിൽ സ്ത്രീകൾ മൂന്നിൽ കൂടുതൽ സ്വർണാഭരണങ്ങൾ ധരിക്കരുതെന്നും, അങ്ങനെ ധരിച്ചാൽ 50,000 രൂപ പിഴ ചുമത്തുമെന്നുമാണ് പഞ്ചായത്ത് ഉത്തരവിട്ടിരിക്കുന്നത്. മൂക്കുത്തി, കമ്മൽ, താലിമാല എന്നീ 3 ആഭരണങ്ങള്‍ ധരിക്കാൻ മാത്രമാണ് സ്ത്രീകൾക്ക് അനുമതിയുള്ളത്

എന്നാൽ ഇതിനെതിരെ ചില സ്ത്രീകളും സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. പുരുഷന്മാർ മദ്യപിക്കുന്നതിനാൽ കലഹങ്ങള്‍ ഉണ്ടാകാറുണ്ട്. ഈ സാഹചര്യത്തില്‍ സ്വർണത്തിന് നിയന്ത്രണം കൊണ്ടു വന്നതുപോലെ മദ്യത്തിനും നിയന്ത്രണം വേണമെന്നാണ് ഇവരുടെ വാദം. സ്വർണം ഒരു നിക്ഷേപം കൂടിയാണ്. എന്നാൽ മദ്യം അങ്ങനെയാണോ എന്നാണ് ഇവർ ചോദിക്കുന്നത്. അതിനിടെ
ഈ വാദത്തെ പിന്തുണക്കുന്ന
പുരുഷന്മാരുമുണ്ട്.
സ്ത്രീകൾ ഉന്നയിക്കുന്ന ഇക്കാര്യം പഞ്ചായത്ത് പരിഗണിക്കണമെന്നും ഒരു തീരുമാനം ഉടൻ വേണമെന്നുമാണ് അവരുടെയും ആവശ്യം

