മൃതദേഹം കുഴിയില്‍ നിന്ന് പുറത്തെടുത്ത് അതിനരികെ കിടന്നുറങ്ങുന്നു; പ്രതി കസ്റ്റഡിയിൽ

വരാണസി: മൃതദേഹം എന്ന് കേൾക്കുമ്പോൾ ആദരവും ബഹുമാനവും ചിലർക്ക് പേടിയുമാണ് ഉണ്ടാകുക. എന്നാൽ ഇവിടെ ഒരാൾ കുഴിച്ചിട്ട മൃതദേഹം പുറത്തെടുത്ത് അതിനരികെ കിടന്ന് ഉറങ്ങുകയാണെന്ന വാർത്തയാണ് ഏവരെയും അമ്പരപ്പിക്കുന്നത്. വരാണസിയില്‍ അഞ്ച് വയസ്സുകാരിയുടെ മൃതദേഹം കുഴിമാടത്തില്‍ നിന്ന് പുറത്തെടുത്ത് ആ മൃതദേഹത്തിനരികെ ഇയാള്‍ കിടന്ന് ഉറങ്ങുകയായിരുന്നു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടിയുടെ പിതാവ് നല്‍കിയ പരാതി പ്രകാരം മുഹമ്മദ് റഫീഖ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലൈംഗികാതിക്രമം നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് വ്യക്തമാക്കി

കഴിഞ്ഞ ആഴ്ചയാണ് അസുഖത്തെ തുടർന്ന് അഞ്ച് വയസുകാരി മരിച്ചത്. രേവാരി തലാബിലാണ് കുട്ടിയെ അടക്കം ചെയ്തത്. കുറച്ച് ദിവസങ്ങൾക്ക് ശേഷം മകളുടെ കുഴിമാടത്തിൽ ചെന്നപ്പോൾ പിതാവിന് എന്തോ സംശയം തോന്നി. തുടര്‍ന്ന് കുഴിമാടം തുറന്നപ്പോള്‍ മൃതദേഹം അതിലുണ്ടായിരുന്നില്ല. 30 വയസ്സുകാരനായ മുഹമ്മദ് റഫീഖിനെ മകളുടെ മൃതദേഹത്തിനരികെ ഉറങ്ങുന്ന നിലയില്‍ കണ്ടെത്തിയെന്നും പിതാവ് പറഞ്ഞു. റഫീഖിനെതിരെ സെക്ഷൻ 297 പ്രകാരമാണ് കേസെടുത്തതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ആർ എസ് ഗൗതംവ്യക്തമാക്കി