
കൊച്ചി: നടന് ജയസൂര്യക്ക് കുരുക്കായി സേവ് ബോക്സ് ആപ്പ് നിക്ഷപ തട്ടിപ്പ് കേസില്‍ ഇഡിയുടെ കണ്ടെത്തല്‍. നിക്ഷപ തട്ടിപ്പിലെ മുഖ്യ പ്രതി സ്വാതിക് റഹ്മാന്റെ കമ്പനികളിൽ നിന്ന് ജയസൂര്യക്ക് ഒരു കോടിയോളം രൂപ കിട്ടിയെന്നാണ് കണ്ടെത്തല്‍. ജയസൂര്യയുടേയും ഭാര്യയുടേയും അക്കൗണ്ടിലാണ് പണം എത്തിയത്.
ഓണ്‍ലൈന്‍ ലേല ആപ്പായ സേവ് ബോക്സിന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു ജയസൂര്യ.
ഈ സാഹചര്യത്തിലാണ് ജയസൂര്യയ്ക്ക് വീണ്ടും ഇ ഡി സമന്‍സ് അയച്ചത്. ജനുവരി ഏഴിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം

കേസില്‍ നേരത്തെ 2 തവണ ജയസൂര്യയുടെയും ഭാര്യ സരിതയുടെയും മൊഴിയെടുത്തിരുന്നു.
പണമിടപാടിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ബ്രാന്‍ഡ് അംബാസിഡർക്കുള്ള പ്രതിഫലം എന്ന രീതിയിലാണ് പണം കൈപ്പറ്റിയതെന്നാണ് ജയസൂര്യ നേരത്തെ നല്കിയ മൊഴി. അതേ സമയം കുറ്റകൃത്യത്തില്‍ നിന്നുള്ള പണമാണ് ജയസൂര്യക്ക് ലഭിച്ചതെന്ന നിഗമനത്തിലാണ് ഇ ഡി. കൂടുതല്‍ അന്വേഷണത്തിന് ശേഷം തുക കണ്ടുകെട്ടുമെന്നാണ് വിവരം

ഇലക്ട്രിക് ഉപകരണങ്ങള്‍ ലഭിക്കുന്ന ലേല ആപ്പായ സേവ് ബോക്സ് ആപ്പുമായി ബന്ധപ്പെട്ട് മാസം 25 ലക്ഷം രൂപവരെ ലാഭം വാഗ്ദാനം ചെയ്താണ് സ്വാതിഖ് റഹീം നിക്ഷേപങ്ങള്‍ സ്വീകരിച്ചിരുന്നത്. നൂറിലധികം പേരില്‍ നിന്നാണ നിക്ഷേപം സ്വീകരിച്ചത്. എന്നാല്‍ ആര്‍ക്കും ലാഭ വിഹിതമോ മുടക്കിയ പണമോ ലഭിക്കാത്തതോടെയാണ് പരാതികള്‍ വന്നത് 2023 ജനുവരിയില്‍ സ്ഥാപന ഉടമയും മുഖ്യപ്രതിയുമായ സ്വാതിഖ് റഹീമിനെ അറസ്റ്റ് ചെയ്തിരുന്നു. സേവ് ബോക്സിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് സ്വാതിഖ് റഹീം ലക്ഷങ്ങള്‍ തട്ടിയെന്നായിരുന്നു പരാതി. സാത്വികിന്റെ സിനിമാ ബന്ധങ്ങളിലും ഇഡി കൂടുതൽ പരിശോധന നടത്തും. ഇദ്ദേഹത്തിന് സിനിമാ മേഖലയിലെ കൂടുതല്‍ പേരുമായി ബന്ധമുണ്ടെന്നും വിവരമുണ്ട്

