
ബിജെപി പ്രവർത്തകർ എടുത്ത ലോൺ തിരിച്ചടക്കാത്തതിൽ ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ വക്താവ്
എം എസ് കുമാർ. തിരുവിതാം കൂർ സഹകരണ സംഘം പ്രസിഡൻ്റാണ് എം എസ് കുമാർ. ഫേസ്ബുക്ക് പോസ്റ്റിലാണ് എംഎസ് കുമാറിന്റെ വിമര്‍ശനം.
സഹകരണ സംഘത്തില്‍ നിന്ന് ലോൺ എടുത്ത പാർട്ടിക്കാർ തിരിച്ചു അടക്കുന്നില്ല. വായ്പ എടുത്തവരുടെ പേര് വെളിപ്പെടുത്തുമെന്നും എംഎസ് കുമാർ മുന്നറിയിപ്പ് നല്കി

കടബാധ്യത മൂലം തിരുവനന്തപുരത്ത് ബിജെപി കൗൺസിലർ അനിൽകുമാർ ആത്മഹത്യ ചെയ്തത് ചൂണ്ടിക്കാട്ടിയാണ് കുമാറിന്റെ വിമര്‍ശനം.
”അനിൽകുമാറിന്റെ ആത്മഹത്യയ്ക്ക് കാരണം ബിജെപിയുടെ ഭാഗം ആയതാണ്. കൂടെ നിൽക്കുമെന്ന് പ്രതീക്ഷിച്ചവർ കൈവിട്ടു. അനിൽ കുമാറിന്റെ അവസ്ഥയിലാണ് താനും. വായ്പ എടുത്തിട്ടുള്ള 70% പേരും എന്റെ പാർട്ടിക്കാരാണ്. തിരിച്ചടക്കാത്തവരിൽ 90% വും അതെ പാർട്ടിക്കാർ തന്നെ. അതിൽ സാധാരണ പ്രവർത്തകർ മുതൽ സംസ്ഥാന ഭാരവാഹികൾ വരെ ഉണ്ട്..”എംഎസ് കുമാർ എഫ്ബി പോസ്റ്റില്‍ പറയുന്നു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
”തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഒരു വിളിപ്പാടകലെയാണ് സംസ്ഥാനം. ഗാസ യുദ്ധം മുതൽ പി എം ശ്രീ പദ്ധതിവരെ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്തേക്കാം. എന്നാൽ തിരുവനന്തപുരം നഗരസഭയിലെങ്കിലും ചർച്ചയാകാൻ പോകുന്നത് കൗൺസിലർ അനിലിന്റെ ആത്മഹത്യയും അതിലേക്കു നയിച്ച 5 കാരണങ്ങളും ആയിരിക്കും.
വര്‍ഷങ്ങളായി ഞാൻ അറിയുന്ന അനിൽ സംശുദ്ധ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന യുവാവും മിടുക്കനായ ജനപ്രതിനിധിയും ആണ്. രാഷ്ട്രീയത്തിൽ ഒരു പാട് ഉയരങ്ങളിൽ എത്തേണ്ട ആ ചെറുപ്പക്കാരന് പാതിവഴിയിൽ ശരീരം ഉപേക്ഷിച്ചു മടങ്ങേണ്ടി വന്നത് അദ്ദേഹം ഒരു സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗം ആയി പോയതു കൊണ്ടാണ്. അവസാന നാളുകളിൽ അദ്ദേഹം അനുഭവിച്ചിട്ടുണ്ടാകാവുന്ന മാനസിക സമ്മർദ്ദം എനിക്ക് ഊഹിക്കാൻ കഴിയും. സമാന സാഹചര്യത്തിലൂടെയാണ് ഞാനും കടന്നു പോകുന്നത്. പൊതു പ്രവർത്തനത്തിന്റെ ഭാഗമായാണ് പലരും സഹകരണ മേഖലയിലും ഇടപെട്ടു പോകുന്നത്. പെട്ടെന്നാണ് കേരളത്തിൽ സഹകരണരംഗം തകർന്നടിയുന്നത്.
കരുവന്നൂർ, കണ്ടല, തുടങ്ങിയ സംഘങ്ങളിലെ വാർത്തകൾ പ്രവഹിച്ചതോടെ ചെറിയ സംഘങ്ങളിൽ പുതിയ നിക്ഷേപങ്ങൾ വരാതെയായി. ഞങ്ങളുടെ സംഘത്തിനെതിരെ വ്യക്തി വിരോധം കൊണ്ട് ചിലർ പൊടിപ്പും തൊങ്ങലും വച്ചു വാർത്ത മാധ്യമങ്ങളിൽ കൊടുത്തതും അതിൻ്റെ സത്യാവസ്ഥകൾ മനസിലാക്കാതെ ചില മാധ്യമങ്ങൾ അതൊക്കെ പ്രസിദ്ധീകരിക്കുകയും ചെയ്തതോടെ സംഘം തകർന്നു എന്ന് പ്രചരിപിച്ച് വായ്പ എടുത്തവർ തിരിച്ചടവ് നിർത്തി. നിക്ഷേപകർ കൂട്ടത്തോടെ അവരുടെ നിക്ഷേപം പിൻവലിക്കാനും എത്തുന്നു. ഈ അവസ്ഥയെ അതിജീവിക്കാൻ കൂടെ നിൽക്കും എന്ന് പ്രതീക്ഷിക്കുന്നവർ സഹകരിക്കാതെ മാറി നിൽക്കുന്ന സ്ഥിതി കൂടി വന്നത് കൊണ്ട് കൂടി യാകാം പാവം അനിലിന് സ്വന്തം മക്കളെ വരെ മറന്നു ഈ കടുംകൈ ചെയ്യേണ്ടി വന്നത്.
കാശ് കൊടുത്തു സഹായിക്കണ്ട. പക്ഷെ വായ്പ എടുത്തിട്ട് തിരിച്ചടക്കാത്തവരെ കൊണ്ട് അടപ്പിക്കാനെങ്കിലും കഴിയുമായിരുന്നു. അതും ചെയ്തില്ല എന്നതാണ് പ്രധാനം. മരിച്ചു കഴിഞ്ഞു നെഞ്ചത്ത് റീത്തു വയ്ക്കുന്നതല്ല രാഷ്ട്രീയ പ്രവർത്തനം. വളരെ ആലോചിച്ച ശേഷം ആണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്. ഞാൻ കൂടി ഉള്ള സംഘത്തിൽ നിന്നും വായ്പ എടുത്തിട്ടുള്ള 70% പേരും എന്റെ പാർട്ടിക്കാരാണ്. തിരിച്ചടക്കാത്തവരിൽ
90% വും അതെ പാർട്ടിക്കാർ തന്നെ. അതിൽ സാധാരണ പ്രവർത്തകർ മുതൽ സംസ്ഥാന ഭാരവാഹികൾ ( സെൽ കൺവീനർമാർ ഉൾപ്പെടെ ) ഉണ്ട്. മറ്റു പാർട്ടികളിൽ നിന്ന് നമ്മുടെ സഹയാത്രികരായി കൂടി കേന്ദ്ര നേതാക്കളുമായി വരെ വലിയ അടുപ്പം സൃഷ്ടിച്ചെടുത്ത നേതാക്കളും ഉണ്ട്. അവരോടൊക്കെ ചോദിച്ചും പറഞ്ഞും മടുത്തത് കൊണ്ടാണ് അവരുടെയെല്ലാം പേരുകളും അവരടക്കേണ്ട തുകയും എല്ലാം fb യിലൂടെ വെളിപെടുത്താൻ തീരുമാനിക്കുന്നത്. അടുത്ത പോസ്റ്റ് ഈ പേരുകൾ വെളിപ്പെടുത്തി കൊണ്ടുള്ള താകും. ജീവിതത്തിൽ ഇന്നു വരെ ഒരു അഴിമതിയും നടത്തിയിട്ടില്ലാത്ത ഞാൻ ഇവരെയൊക്കെ സഹായിച്ചുപോയി എന്ന വലിയ തെറ്റിന് ഇന്ന് അനഭിമതനും വെറുക്കപ്പെട്ടവനും ആയിമാറി. ഒരു ഗുണപാഠം ഇതിൽനിന്നൊക്കെ പഠിച്ചു. കഴിയുമെങ്കിൽ ആരെയും സഹായിക്കാതിരിക്കുക. ജീവിത സായാഹ്നത്തിൽ പുതിയ പാഠം പഠിച്ചിട്ടെന്തു കാര്യം? നിക്ഷേപം വായ്പയായി കൈപറ്റി മുങ്ങി നടക്കുന്നവർ മാന്യന്മാരും ജന നേതാക്കളും ആകുന്ന ആ കളി ഇനി വേണ്ട. ജനങ്ങൾ അറിയട്ടെ. ഇവരെ മുൻനിർത്തി നഗരഭരണം പിടിക്കാൻ ഒരുങ്ങുന്ന നേതാക്കൾ തിരിച്ചറിയുക. ജനങ്ങൾ വിവേകം ഉള്ളവരും കാര്യങ്ങൾ തിരിച്ചറിയുന്നവരും ആണ്. അവർ വോട്ടർമാരും ആണ് ”

