
തിരുവനന്തപുരം: റസൂല്‍ പൂക്കുട്ടി കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ചുമതലയേറ്റു. അതേ സമയം രഞ്ജിത്ത് രാജി വെച്ചപ്പോള്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ താല്‍ക്കാലിക ചുമതല ഉണ്ടായിരുന്ന പ്രേംകുമാര്‍ ചടങ്ങില്‍ പങ്കെടുത്തില്ല. വൈസ് ചെയര്മാന് ആയിരിക്കെയാണ് പ്രേംകുമാറിന്
അക്കാദമി ചെയര്‍മാന്റെ ചുമതല നല്‍കിയിരുന്നത്. ഈ ഭരണസമിതിയെ മാറ്റിക്കൊണ്ടാണ് പുതിയ ഭരണ സമിതി നിലവില്‍ വരുന്നത്. സംവിധായകന് രഞ്ജിത്ത് രാജി വെച്ച ഒഴിവിലേക്കാണ് റസൂല്‍ പൂക്കുട്ടിയുടെ നിയമനം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് രഞ്ജിത്ത് അക്കാദമി ചെയര്മാന് സ്ഥാനം രാജി വെച്ചത്

കുക്കു പരമേശ്വരനാണ് പുതിയ വൈസ് ചെയര്‍പേഴ്സണ്‍. അമൽ നീരദ്, ശ്യാം പുഷ്കരന്, നിഖില വിമൽ, സിതാര കൃഷ്ണ കുമാർ, സുധീർ കരമന, ബി രാഗേഷ് അടക്കം 26 അംഗങ്ങളാണ് പുതിയ ഭരണ സമിതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഗുരു തുല്യന്മാരായിട്ടുള്ള ആളുകൾ ഇരുന്ന സീറ്റിലാണ് താന്‍ ഇരിക്കുന്നത് എന്നത് സന്തോഷം തരുന്ന കാര്യമാണെന്ന് റസൂല്‍ പൂക്കുട്ടി പ്രതികരിച്ചു. ”ഭരണം എന്നതിനെ പവർ ആയിട്ട് കാണുന്നില്ല. മാറുന്ന കാലത്തിനനുസരിച്ച്
ദിശ മാറ്റണം എന്നാണ് ആഗ്രഹം. ഒരു കൊച്ചു ഗ്രാമത്തിൽ നിന്ന് ഇതു വരെ എത്തിയതിനു കാരണം അക്കാദമി ആണ്..” – റസൂല്‍ പൂക്കുട്ടി വ്യക്തമാക്കി


