
തൃശൂർ: കൊലക്കേസ് പ്രതിയായ സുദർശനെ ആക്രമിക്കുകയും ജനനേന്ദ്രിയം മുറിക്കുകയും ചെയ്ത സംഭവത്തിൽ
പാസ്റ്റർ ഉൾപ്പെടെ 3 പേർ പിടിയിൽ. സുദർശനെ ആക്രമിച്ചത് അഗതി മന്ദിരത്തിൽ വെച്ചാണെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്ത് വരുന്നത് .
വരാപ്പുഴ കൂനമ്മാവ് അഗതിമന്ദിരത്തിൽ വെച്ചാണ് കൊലക്കേസ് പ്രതിയായ എറണാകുളം അരൂർ സ്വദേശി സുദർശന് (44) ക്രൂരമായ മർദനമേറ്റത്. സംഭവത്തിൽ അഗതിമന്ദിരം നടത്തിപ്പുകാരൻ പാസ്റ്റർ ഫ്രാൻസിസ് (65), ആരോമൽ, നിതിൻ, എന്നിവരാണ് പിടിയിലായത്.
ഇവരെ തൃശൂർ കൊടുങ്ങല്ലൂരിൽ വെച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൂനമ്മാവ് ഇവാഞ്ചലോ അഗതി മന്ദിരത്തിന്റെ ഉടമസ്ഥരെയും പൊലീസ് ചോദ്യം ചെയ്ത് വരികയാണ്

വഴിയാത്രക്കാരെ ശല്യപ്പെടുത്തിയതിനാണ് സുദർശനെ പോലീസ് അഗതി മന്ദിരത്തിൽ എത്തിച്ചത്. ഇവിടെ വെച്ചും സുദർശൻ അക്രമം കാട്ടി. തുടർന്ന് സുദർശനെ ക്രൂരമായി മർദിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയന്നത്.
സുദർശന്റെ ജനനേന്ദ്രിയം മുറിച്ച നിലയിലും കണ്ണ് കുത്തി പൊട്ടിച്ചു നിലയിലുമായിരുന്നു. ചികിത്സയുടെ ഭാഗമായി
ജനനേന്ദ്രിയം നീക്കം ചെയ്യേണ്ടി വന്നു. കൂടാതെ ശരീരത്തിലെ വിവിധ ഭാഗങ്ങളിലും അതിക്രൂരമായ മർദനമേറ്റിരുന്നു.
ആക്രമണത്തെ തുടർന്ന് അവശനായതോടെ സുദർശനെ അഗതി മന്ദിരത്തിന്റെ വാഹനത്തിൽ കൊടുങ്ങല്ലൂരിൽ കൊണ്ടു വന്ന് വഴിയരികിൽ ഉപേക്ഷിക്കുകയായിരുന്നു

സുദർശൻ നിലവില്‍ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയില്‍ തുടരുകയാണ്. കൊലപാതകമടക്കം 11 കേസുകളിലെ പ്രതിയാണ് സുദർശൻ. അതിർത്തി തർക്കത്തെ തുടർന്ന് ചേർത്തലയിൽ എസ്ഡിപിഐ പ്രവര്‍ത്തകനായ മുനീർ എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സുദര്‍ശനും സഹോദരനും. സുദര്‍ശനെ ആക്രമിച്ച സംഭവത്തിൽ കൊലപാതക ശ്രമത്തിനാണ് പൊലീസ് കേസെടുത്തത്

