
കൊച്ചി: കസ്റ്റംസിന് പിന്നാലെ ഭൂട്ടാന് വാഹനക്കടത്തില്‍ നടന് മമ്മൂട്ടി, ദുല്‍ഖര്‍ സല്മാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീട്ടിലടക്കം 17 ഇടങ്ങളില്‍ ഇ ഡി പരിശോധന നടത്തുന്നു. ഇ ഡി കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി നടന്മാരുടെ വീട്ടിലെത്തിയത്.
ദുല്‍ഖറിന്റെ കൊച്ചിയിലെ രണ്ട് വീട്ടിലും ചെന്നൈയിലെ ഒരു വീട്ടിലുമാണ് പരിശോധന. മമ്മൂട്ടി ഹൗസ് എന്ന് അറിയപ്പെടുന്ന മമ്മൂട്ടിയുടെ പഴയ വീട്ടിലും മമ്മൂട്ടി ഇപ്പോൾ താമസിക്കുന്ന കടവന്ത്രയിലെ വീട്ടിലും റെയ്ഡ് നടത്തി. നടന് അമിത് ചക്കാലക്കലിന്റെ വീട്ടിലും അഞ്ച് ജില്ലകളിലെ വാഹന ഡീലര്‍മാരുടെ വീടുകളിലും പരിശോധന നടത്തുന്നുണ്ട്. കോട്ടയം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ചെന്നൈയിലും റെയ്ഡ് ഉണ്ടെന്നാണ് വിവരം. ഫെമ നിയമ ലംഘനത്തിന്റെ ഭാഗമായാണ് റെയ്ഡ് എന്നാണ് ഇ ഡിയുടെ വിശദീകരണം.

ഭൂട്ടാന് വാഹനക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസും നേരത്തെ മൂവരുടെയും വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. തുടർന്ന് ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍, ലാന്‍ഡ് ക്രൂയിസര്‍, നിസ്സാന്‍ പട്രോള്‍ വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിൽ ഡിഫൻഡർ വിട്ടു നൽകണം എന്നാവശ്യപ്പെട്ട് ദുൽഖർ ഹെെക്കോടതിയെ സമീപിച്ചിരുന്നു. ദുല്‍ഖര്‍ സല്‍മാനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചെങ്കിലും ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍ വിട്ടുനല്‍കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി ഇന്നലെ നിര്‍ദ്ദേശിച്ചിരുന്നു.


