
ദില്ലി ; സുപ്രീം കോടതി മുറിക്കുളളില്‍ ചീഫ് ജസ്റ്റിസ് ഗവായിക്ക് നേരെ ഷൂസെറിയാന്‍ ശ്രമിച്ചതില്‍ തെല്ലും കുറ്റബോധമില്ലെന്ന് പ്രതിയായ അഭിഭാഷകൻ രാകേഷ് കിഷോര്‍. ശരിയെന്ന് തോന്നിയത് ചെയ്തെന്നും തനിക്ക് പിന്നില്‍ ദിവ്യശക്തിയുടെ പ്രേരണയുണ്ടായിരുന്നെന്നും പ്രതി പറഞ്ഞു. എന്ത് പ്രത്യാഘാതവും നേരിടാൻ തയ്യാറെന്നും രാകേഷ് കിഷോർ പറഞ്ഞു. ഖജുരാഹോ ജവാരി ക്ഷേത്രം സംബന്ധിച്ച ഗവായുടെ പരാമര്‍ശത്തിന് ശേഷം തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇത്തരമൊരു പ്രസ്താവന കേട്ടിട്ട് എങ്ങനെ വെറുതെയിരിക്കാന്‍ കഴിയുന്നെന്ന് എല്ലാ രാത്രിയും ദൈവം തന്നോട് ചോദിച്ചെന്നുമായിരുന്നു പ്രതിയുടെ വിചിത്ര വാദം

ഖജുരാഹോയിലെ വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ അത് ദൈവത്തോട് പോയി പറയൂ എന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെ ചില ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഇതാണ് അഭിഭാഷകന്റെ അതിക്രമത്തിന് കാരണം.
ഇന്നലെ രാവിലെയായിരുന്നു കോടതി മുറിക്കുള്ളില്‍ ചീഫ് ജസ്റ്റിസ് ബി ആര് ഗവായിക്ക് നേരെ ഷൂസെറിയാന്‍ ശ്രമമുണ്ടായത്. സനാതന ധർമ്മത്തെ അപമാനിക്കുന്നത് സഹിക്കാൻ ആകില്ലെന്ന് പറഞ്ഞു കൊണ്ടായിരുന്നു അഭിഭാഷകൻ രാകേഷ് കിഷോറിന്റെ അതിക്രമം.
കൃത്യസമയത്ത് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ തടഞ്ഞു, പിന്നീട് പൊലീസിന് കൈമാറി. അതേസമയം കോടതി നടപടികൾ തുടർന്ന ചീഫ് ജസ്റ്റിസ് ഇതൊന്നും തന്നെ ബാധിക്കില്ലെന്നാണ് പ്രതികരിച്ചത്. അഭിഭാഷകന് എതിരെ കൂടൂതൽ നടപടികൾ ആവശ്യമില്ലെന്ന് ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചതോടെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കുകയായിരുന്നു. ഷൂവും കൈവശമുള്ള രേഖകളും തിരികെ നൽകി

അതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ചീഫ് ജസ്റ്റിസിനെ ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ചിരുന്നു.
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗേ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരും സംഭവത്തെ അപലപിച്ചു.
അതേ സമയം അഭിഭാഷകന് രാകേഷ് കിഷോറിനെ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. സുപ്രീംകോടതി ബാര്‍ അസോസിയേഷനും സുപ്രീംകോടതി അഡ്വക്കേറ്റസ്-ഓണ്‍-റെക്കോര്‍ഡ് അസോസിയേഷനും നടപടിയെ അപലപിച്ചു. സംഭവത്തെ അപലപിച്ച് എസ്സിആർഒഎ ഉൾപ്പെടെ സംഘടനകൾ രംഗത്ത് എത്തി. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് സുപ്രീംകോടതിക്ക് മുന്നിൽ അഭിഭാഷകർ പ്രതിഷേധിക്കും

