
സൂര്യവംശി കുടുംബം ക്രിക്കറ്റ് കുടുംബമാണെന്ന കാര്യത്തിൽ ഇനി സംശയം വേണ്ട. ഐപിഎല്ലിലുൾപ്പെടെ വെടിക്കെട്ട് ബാറ്റിങ് നടത്തിയ 15കാരൻ വൈഭവ് സൂര്യവംശിയുടെ ആരാധകരാണ് ഇന്ത്യൻ ക്രിക്കറ്റ് ലോകം. ഇപ്പോഴിതാ അതുക്കുംമേലെ
എന്ന തലക്കെട്ടിന് അർഹനായേക്കാവുന്ന മറ്റൊരാൾ കൂടി കുടുംബത്തില്‍ നിന്ന് വാർത്തയാവുകയാണ്. വൈഭവിൻ്റെ സഹോദരൻ ആശിർവാദാണത്

ആശിർവാദിനെ
അഭിനന്ദിച്ച് രാജസ്ഥാൻ റോയൽസ് താരം തന്നെയിട്ട പോസ്റ്റാണ് വിവരം പുറത്തെത്തിച്ചത്. ബിഹാറിലെ സമസ്തിപുരിൽ നടന്ന പ്രദേശിക മത്സരത്തിനിടെ 87 ബോളിൽ 103 റൺസ് നേടിയതോടെയാണ് ആശിർവാദിനെ ക്രിക്കറ്റ് പ്രേമികൾ ശ്രദ്ധിച്ചു തുടങ്ങുന്നത്. ക്രിക്കറ്റ് അക്കാദമി താജ്പുരിന് വേണ്ടിയാണ് 20 ഫോറുകളും ഒരു സിക്സുമുൾപ്പെടെ ആശിർവാദ് 103 റണ്‍സ് എണ്ണിയെടുത്തത്. 118.39 എന്ന മികച്ച സ്ട്രൈക്ക് റേറ്റിലായിരുന്നു ആശിർവാദിൻ്റെ ബാറ്റിങ്.
തകർപ്പൻ സെഞ്ചുറിക്ക് ശേഷം ആശിർവാദിനെ അഭിനന്ദിച്ച് വൈഭവ് സൂര്യവംശി സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടു. മത്സരത്തിൻ്റെ വിവരങ്ങൾ കൂടി ഉൾപ്പെടുത്തി ‘അഭിനന്ദനങ്ങൾ ആശിർവാദ്’ എന്നായിരുന്നു വൈഭവിന്റെ പോസ്റ്റ്. ഇതോടെയാണ് താജ്പുർ താരം വാർത്താ തലക്കെട്ടിലും ഇടം പിടിച്ചത്

ഇക്കഴിഞ്ഞ ഐപിഎൽ മത്സരത്തിൽ 16 മത്സരങ്ങളിൽ നിന്നായി 776 റൺസ് നേടി ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിലേക്ക് വിളി ലഭിച്ചിരുന്നു. സായി സുദർശൻ, ശുഭ്മൻ ഗിൽ, വിരാട് കോലി എന്നീ മുൻനിര താരങ്ങളെ പിന്നിലാക്കിയാണ് കുട്ടി ക്രിക്കറ്റർ ഓറഞ്ച്ക്യാപ് എന്ന നേട്ടം കൈവരിച്ചത്.
വൈഭവ് സൂര്യവംശിക്ക്
ഇന്ത്യൻ ടീമിലേക്കുള്ള പ്രഖ്യാപനം വന്നതോടെ താജ്പൂർ ഗ്രാമം ആഘോഷത്തിലായിരുന്നു. കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും നേട്ടം ആഘോഷിച്ചതും വാർത്തയായിരുന്നു. കുട്ടിക്കാലം മുതൽ രാജ്യത്തിന് വേണ്ടി കളിക്കുക എന്ന ലക്ഷ്യത്തോടെ മകൻ നടത്തിയ കഠിനാധ്വാനത്തിനുള്ള ഫലമാണിതെന്നായിരുന്നു വൈഭവിൻ്റെ പിതാവിന്റെ പ്രതികരണം

