
കൊച്ചി: സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ സൈബർ ആക്രമണ കേസിൽ പ്രതിയായ പ്രാദേശിക കോൺഗ്രസ് നേതാവ് സി കെ ഗോപാലകൃഷ്ണന്റെ വീട്ടിൽ പൊലീസ് പരിശോധന. ഗോപാലകൃഷ്ണന്റെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു. ഇയാൾ ഒളിവിൽ തുടരുന്നതിനിടെയാണ് പറവൂര്‍ സി ഐയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകാനാണ് പൊലീസിന്റെ തീരുമാനം

സമൂഹ മാധ്യമത്തിലൂടെ സൈബർ ആക്രമണങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ച് കെ ജെ ഷൈൻ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ആലുവ സൈബർ പൊലീസ് മൊഴി രേഖപ്പെടുത്തി കേസെടുക്കുകയും ചെയ്തിരുന്നു. മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൊച്ചി സിറ്റിയിലെയും എറണാകുളം റൂറലിലെയും ഉദ്യോഗസ്ഥരും കൊച്ചി സൈബർ ഡോമിലെ ഉദ്യോഗസ്ഥരും പ്രത്യേക സംഘത്തിലുണ്ട്


