
തിരുവനന്തപുരം: പേരൂർക്കട എസ്എപി ക്യാമ്പിലെ പൊലീസ് ട്രെയിനി ആനന്ദ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസുദ്യോഗസ്ഥർക്ക് പിഴവില്ലെന്ന് ഡിഐജിയുടെ റിപ്പോർട്ട്. കുടുംബത്തിന്റെ ആരോപണങ്ങളിൽ വിശദമായ അന്വേഷണം നടത്തുമെന്നും റിപ്പോർട്ടിലുണ്ട്. റിപ്പോർട്ട് ഡിഐജി അരുൾ ബി കൃഷ്ണ ബറ്റാലിയൻ എഡിജിപിക്ക് കൈമാറി

”ആനന്ദ് നേരത്തെ രണ്ട് കൈയിലും ബ്ലെയ്ഡ് കൊണ്ട് വരിഞ്ഞ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ആനന്ദിനെ സഹപ്രവർത്തകർ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. മുറിവുകള്‍ ഗുരുതരമായിരുന്നില്ല. ചികിത്സക്കു ശേഷം ക്യാമ്പിലേക്ക് കൊണ്ടുവന്ന ആനന്ദിന് കൗണ്‍സിലിംഗ് നൽകി. ആദ്യ ആത്മഹത്യാ ശ്രമത്തിനുശേഷം ആശുപത്രിയിൽ പാർപ്പിക്കുന്നതായിരുന്നു ഉചിതം. എന്നാൽ ബാരക്കിൽ താമസിക്കണമെന്ന് ആനന്ദ് എഴുതി നൽകുകയായിരുന്നു. കൗൺസിലിംഗിന്
ശേഷം ആനന്ദ് സന്തോഷവാനായിരുന്നു. ആനന്ദിനെ നിരീക്ഷിക്കാൻ രണ്ടു പേരെ ചുമതലപ്പെടുത്തിയിരുന്നു. ആത്മഹത്യാശ്രമ വാർത്തകൾക്ക് താഴെ വന്ന ചില കമന്റുകൾ ആനന്ദിനെ അസ്വസ്ഥപ്പെടുത്തിയിരുന്നു” – ഡിഐജി അരുൾ ബി കൃഷ്ണയുടെ
റിപ്പോർട്ടിൽ പറയുന്നു

മേലുദ്യോഗസ്ഥരുടെ പീഡന മൂലം ആനന്ദ് ആത്മഹത്യ ചെയ്തുവെന്നായിരുന്നു കുടുംബം ആരോപിച്ചിരുന്നത്. എന്നാൽ ഇത് തള്ളുന്നതാണ് ഡിഐജിയുടെ റിപ്പോർട്ട്. പ്രത്യേകിച്ച് ആരുമായും ആനന്ദിന് സൗഹൃദം ഉണ്ടായിരുന്നില്ല. കൗൺസിലിംഗിന് ശേഷം തനിക്ക് പ്രശ്നങ്ങളില്ലെന്നും ആനന്ദ് മേലുദ്യോഗസ്ഥരോട് പറഞ്ഞിരുന്നതായി ഡിഐജിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്

