
തന്റെ 55 ആം വയസിൽ ഒരു സ്ത്രീ 17ാമത്തെ കുഞ്ഞിന് ജന്മം നൽകിയ വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. രാജസ്ഥാന് ഉദയ്പൂർ ജില്ലയിലെ രേഖ കൽബെലിയയാണ് 17ാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. മക്കൾക്കും മരുമക്കൾക്കും പേരകുട്ടികൾക്കും ഒപ്പമാണ് രേഖ ആശുപത്രിയിലെത്തി പ്രസവിച്ചത്. ഉദയ്പൂരിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിലായിരുന്നു പ്രസവം. 17 മക്കളെ പ്രസവിച്ചെങ്കിലും 12 മക്കളാണ് ഇവർക്ക് ഇപ്പോഴുള്ളത്. 7 ആണും
5 പെണ്ണും. 4 ആൺകുട്ടികളും ഒരു പെൺകുട്ടിയും ജനനത്തിന് പിന്നാലെ മരിച്ചിരുന്നു

സാധാരണ ഗതിയിൽ ഇത്രയേറെ പ്രസവം നടന്നാൽ ഗർഭപാത്രം ദുർബലമായും അമിത രക്തസ്രാവത്തിന് ഇടയായും അമ്മയുടേയും കുഞ്ഞിന്റേയും ജീവൻ അപകടത്തിൽ ആകുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. എന്നാൽ ഇവരുടെ കാര്യത്തിൽ അത്തരമൊരു പ്രശ്നം നേരിടേണ്ടി വന്നില്ലെന്ന് ഡോക്ടർ റോഷൻ ദാരംഗി പറഞ്ഞു. അതേ സമയം ഇത് തന്റെ പതിനേഴാമത്തെ പ്രസവമാണെന്ന കാര്യം ആശുപത്രിയില്‍ ഇവർ ആദ്യം മറച്ചു വെച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

ഇവരുടെ 2 ആൺമക്കളും 3 പെൺമക്കളും വിവാഹിതരാണ്. ഇവർക്കെല്ലാം മക്കളുമുണ്ടെന്ന് രേഖയുടെ ഭർത്താവ് കവ്ര കൽബെലിയ പറഞ്ഞു. അതേസമയം കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമാണെണെന്നും കവ്ര പറയുന്നു. ആക്രിസാധനങ്ങൾ ശേഖരിച്ച് ജോലി ചെയ്താണ് ഉപജീവനം നടത്തുന്നത്. വീട്ടിലെ ആരും തന്നെ സ്കൂളിൽ പോയിട്ടില്ലെന്നും വിദ്യാഭ്യാസം നേടിയിട്ടില്ലെന്നും ഇയാൾ വ്യക്തമാക്കി

