തിരുവനന്തപുരം; ചാക്കോ വധക്കേസ് പ്രതി സുകുമാരക്കുറുപ്പിന്റെ തിരോധാനം 42 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ചര്‍ച്ചയാകുന്നു.സുകുമാരക്കുറുപ്പിന്റെ കേസ് ഫയല്‍ ക്രൈം ബ്രാഞ്ച് വീണ്ടും പരിശോധിച്ചു. ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് സൂക്ഷിച്ചിരുന്ന ഫയലാണ് പൊടി തട്ടിയെടുത്തത്. സുകുമാരക്കുറുപ്പിനെ കണ്ടെന്ന ഒരു നേഴ്സിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫയല്‍ പരിശോധനയെന്നറിയുന്നു. കൊൽക്കത്തയിൽ താൻ ജോലി ചെയ്ത ആശുപത്രിയിൽ കുറുപ്പ് എത്തിയിരുന്നു എന്നാണ് മൊഴി. വർഷങ്ങൾക്കു മുമ്പേ പോലീസിന് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് മൊഴിയെടുത്തത്. ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്
1984ലാണ് ഫിലിം റെപ്രസെന്റേറ്റീവായ ചാക്കോ കാര്‍ കത്തി കൊല്ലപ്പെട്ടത്. കുറുപ്പാണ് കൊല്ലപ്പെട്ടതെന്ന വ്യാജേന ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ആസൂത്രണം ചെയ്ത കൊലപാതമാണ് ഇതെന്നായിരുന്നു കണ്ടെത്തല്‍. വധവുമായി ബന്ധപ്പെട്ട് 42 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സുകുമാരക്കുറുപ്പ് ഒളിവില്‍ പോകുന്നത്. അതിനിടെ സുകുമാരക്കുറുപ്പിനെ പലയിടങ്ങളില്‍ കണ്ടെന്ന് പലരില്‍ നിന്നും നിരവധി തവണ പൊലീസിന് സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ അതുമായി ബന്ധപ്പെട്ട് നടത്തിയ തിരച്ചിലുകളെല്ലാം വ്യര്‍ഥമാകുകയായിരുന്നു. കുറുപ്പ് വീണ്ടും ചര്‍ച്ചയാകുമ്പോള്‍ അയാളെക്കുറിച്ച് എന്തെങ്കിലും സൂചനകള്‍ ലഭിച്ചോ, പൊലീസ് അന്വേഷണം പുനരാരംഭിക്കുമോ എന്ന ആകാംക്ഷയും ഉയരുകയാണ്. എന്നാല്‍ പുനരന്വേഷണത്തിന് വേണ്ടിയല്ല ഫയല്‍ പരിശോധിച്ചതെന്നാണ് ക്രൈം ബ്രാഞ്ചിന്റെ വിശദീകരണം. ദുല്‍ഖര്‍ സല്മാന് നായകനായെത്തിയ കുറുപ്പ് എന്ന സിനിമയ്ക്ക് ശേഷവും സുകുമാരക്കുറുപ്പ് ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു
