കണ്ണൂര്; കേരളത്തിൽ കോഴിമുട്ടയുടെ വില കൂടി റെക്കോർഡിലെത്തി. വിലക്കയറ്റം സാധാരണക്കാരന്റെ പ്രോട്ടീൻ ബജറ്റിന് തിരിച്ചടിയാവുകയാണ്.
സാധാരണ കോഴിമുട്ടയ്ക്ക് എട്ട് രൂപയും നാടൻ മുട്ടയ്ക്ക് പത്ത് രൂപയ്ക്കു മുകളിലുമാണ് ഇപ്പോഴത്തെ വില. ഇതോടെ ഹോട്ടലുകളിലും ഭക്ഷണ ശാലകളിലും ഓംലെറ്റ്, പുഴുങ്ങിയ മുട്ട തുടങ്ങിയ വിഭവങ്ങളുടെ വില വർധിപ്പിച്ചു. സിംഗിൾ ഓംലെറ്റിന് 20 രൂപയും ഡബിൾ ഓംലെറ്റിന് 40 രൂപ വരെയും ഈടാക്കുന്ന സാഹചര്യമാണ് പല സ്ഥലങ്ങളിലും. വ്യാപാരികളുടെ വിശദീകരണ പ്രകാരം കോഴിത്തീറ്റയുടെ വില വർധിച്ചതും ഉൽപ്പാദനം കുറഞ്ഞതും ആവശ്യകത ഉയർന്നതുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണങ്ങൾ
മുട്ടയ്ക്കും വില വർധിച്ചതോടെ ചെറിയ ചെലവിൽ പ്രോട്ടീൻ ലഭിച്ചിരുന്ന ഭക്ഷണ രീതി പലർക്കും ചെലവേറിയതായി മാറി ജിം ചെയ്യുന്നവരും ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നവരും ദിവസേന ഒന്നിലധികം മുട്ട കഴിക്കുന്നതിനാൽ അവരുടെ മാസച്ചെലവിലും ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്.
പോഷകസമൃദ്ധമായ ഭക്ഷണമായി കണക്കാക്കുന്ന മുട്ടയുടെ വില ഇനിയും ഉയർന്നാൽ സാധാരണ കുടുംബങ്ങളുടെ ഭക്ഷണ ബജറ്റിന് വലിയ വെല്ലുവിളിയാകുമെന്ന ആശങ്കയാണ് ഉയരുന്നത്
