ആലപ്പുഴ: കുട്ടനാട് എംഎൽഎയായ റെജി ചെറിയാനെതിരെ മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയെന്നാരോപിച്ച് പങ്ക് വെച്ച പോസ്റ്റ് പിൻവലിച്ച് ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവൽ. കഴിഞ്ഞ രാത്രിയാണ് എംഎൽഎക്കെതിരെ ആരോപണങ്ങളുന്നയിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് പങ്ക് വെച്ചത്. എന്നാല്‍ ഇന്ന് രാവിലെയോടെ പോസ്റ്റ് ‘ഒൺലി മീ’ ക്രമീകരണത്തിലേക്ക് മാറ്റി. തുടർന്ന് മാധ്യമപ്രവർത്തകർ വിശദീകരണം തേടിയതോടെ
പോസ്റ്റ് വീണ്ടും പബ്ലിക് ആക്കിയെങ്കിലും പിന്നീട് പൂർണമായും നീക്കം ചെയ്യുകയായിരുന്നു
കഴിഞ്ഞ ദിവസമാണ് ആലപ്പുഴ–ചങ്ങനാശ്ശേരി റോഡിലെ ചമ്പക്കുളത്ത് രാത്രി എംഎൽഎ സഞ്ചരിച്ച കാർ ബൈക്കുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. നെടുമുടി സ്വദേശിയായ സുനീഷിന് അപകടത്തിൽ പരിക്കേറ്റു.
അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് എംഎൽഎയാണെന്നും അദ്ദേഹം മദ്യപിച്ചിരുന്നു എന്നുമാണ് ജെയിംസ് സാമുവൽ പോസ്റ്റിലൂടെ ആരോപിച്ചത്. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് റെജി ചെറിയാൻ പ്രതികരിച്ചു. ”ഡ്രൈവറാണ് വണ്ടിയോടിച്ചത്. അമിതവേഗത്തിൽ എത്തിയ ബൈക്ക് തന്റെ കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ തന്റെ ഭാഗത്ത് വീഴ്ചയില്ല” – എംഎൽഎ റെജി ചെറിയാൻ
വിശദീകരിച്ചു
