Soccer Football - FIFA World Cup 2026 - Group F - Tunisia v Japan - Estadio Monterrey, Monterrey, Mexico - June 20, 2026 Japan's Daichi Kamada scores their first goal REUTERS/Raquel Cunha

ഗ്വാഡലൂപ് (മെക്സിക്കോ): ഫിഫ ലോകകപ്പിൽ തുനീസിയയെ മറുപടിയില്ലാത്ത നാലു ഗോളുകൾക്കു തകർത്ത് നോക്കൗട്ട് പ്രതീക്ഷകൾ സജീവമാക്കി ഏഷ്യൻ വമ്പൻമാരായ ജപ്പാൻ. അയാസെ ഉയെഡ ജപ്പാനു വേണ്ടി ഇരട്ട ഗോളുകൾ നേടി. 31,83 മിനിറ്റുകളിലായിരുന്നു ഗോളുകൾ. ദായിചി കമദ (നാല്), ജുനിയ ഇറ്റോ (69) എന്നിവരും ലക്ഷ്യം കണ്ടു. ലോകകപ്പിലെ ആദ്യ വിജയത്തോടെ നാലു പോയിന്റുള്ള ജപ്പാൻ എഫ് ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തെത്തി. സ്വീഡനെതിരായ അടുത്ത മത്സരം സമനില ആയാൽപോലും ജപ്പാന് അനായാസം നോക്കൗട്ട് ഉറപ്പിക്കാം. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായ നെതർലൻഡ്സിനും നാലു പോയിന്റുണ്ട്. അതേസമയം മൂന്നു പോയിന്റുള്ള സ്വീഡനും ഗ്രൂപ്പിൽനിന്ന് നോക്കൗട്ട് പ്രതീക്ഷ നിലനിൽക്കുന്നു.

ഓരോ ഗ്രൂപ്പിൽനിന്നും മികച്ച രണ്ടു ടീമുകളും, മൂന്നാം സ്ഥാനത്തുള്ള മികച്ച എട്ടു ടീമുകളുമാണ് നോക്കൗട്ടിൽ കടക്കുന്നത്. ലോകകപ്പിലെ ആദ്യ മത്സരത്തിൽ നെതർലൻഡ്സിനോട് ജപ്പാൻ സമനില (2–2) വഴങ്ങിയിരുന്നു. ലോകകപ്പ് ചരിത്രത്തിലെ 1000–ാം മത്സരത്തിൽ തുനീസിയയ്ക്കെതിരെ 52 ശതമാനം പന്തടക്കവും അഞ്ച് ഓൺടാർഗറ്റ് ഷോട്ടുകളുമാണ് ജപ്പാൻ സ്വന്തമാക്കിയത്. അതേസമയം തുനീസിയയുടെ ഗോൾ നീക്കങ്ങൾ രണ്ടു ശ്രമങ്ങളിൽ ഒരുങ്ങി. തുടക്കം മുതൽ തകർത്തുകളിച്ച ജപ്പാൻ നാലാം മിനിറ്റിൽ തന്നെ ലീഡെടുത്തു. ജാപ്പനീസ് മിഡ്ഫീൽഡർ ആവോ തനാക നൽകിയ വെർട്ടിക്കൽ പാസിൽ, ദായിചി കമദയാണു ഗോളടിച്ചത്. 31–ാം മിനിറ്റിലായിരുന്നു ജപ്പാൻ ലീഡ് രണ്ടാക്കി ഉയര്‍ത്തിയത്. യുകിനാരി സുഗാവര പെനാൽറ്റി ഏരിയയിലേക്കു നൽകിയ ലോക്രോസിനൊടുവിൽ പന്തു ലഭിച്ച അയാസെ ഉയെഡ തുനീസിയൻ പ്രതിരോധ താരത്തിന്റെ ഭീഷണി മറികടന്നാണ്, ഫസ്റ്റ് ടൈം സ്ട്രൈക്കിൽ തുനീസിയയെ ഞെട്ടിച്ചത്. സ്കോർ 2–0.

ആദ്യ പകുതിയിൽ രണ്ടു ഗോളുകൾക്കു മുന്നിൽനിന്ന ജപ്പാൻ രണ്ടാം പകുതിയുടെ 69–ാം മിനിറ്റിൽ വീണ്ടും ലക്ഷ്യം കണ്ടു. ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്നു ലഭിച്ച പന്തുമായി തുനീസിയൻ ബോക്സിലേക്ക് ഇരച്ചു കയറിയ ജുന്യ ഇറ്റോ, ഗോൾ കീപ്പറെ മറികടന്ന് പന്തു വലയിലെത്തിച്ചു. 83–ാം മിനിറ്റിൽ തുനീസിയൻ മിഡ്ഫീൽഡറുടെ കാലിൽനിന്ന് പന്തു റാഞ്ചിയ ദായിചി കമദ കൗണ്ടർ ആക്രമണത്തിനു തുടക്കമിട്ടു. ബോക്സിൽനിന്നു പന്തു ലഭിച്ച അയാസെ ഉഡ ഹെഡറിലൂടെ തുനീസിയൻ ഗോൾ കീപ്പർക്കു മുകളിലൂടെ പന്ത് വലയിലെത്തിച്ചു. സ്കോര്‍ 4–0.

