
സാൻ ഫ്രാൻസിസ്കോ: ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് ജെയിൽ ഓസ്ട്രിയയ്ക്ക് വിജയത്തുടക്കം. ജോർദാനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് തകർത്തത്. റൊമാനോ ഷ്മിഡ്, മാർക്കോ അർണൗട്ടോവിക് എന്നിവരാണ് ഓസ്ട്രിയയുടെ ഗോൾ നേടിയത്. 76 ാം മിനിറ്റിൽ ജോർദാൻ താരം യാസൻ അൽ അറബിന്റെ സെൽഫ് ഗോളാണ് ഓസ്ട്രിയയുടെ ഗോളെണ്ണം മൂന്നായി ഉയർത്തിയത്. അലി ഓൾവാനാണ് അരങ്ങേറ്റ ലോകകപ്പ് കളിക്കുന്ന ജോർദാന്റെ ഏക ഗോൾ നേടിയത്. ഇതോടെ ഗ്രൂപ്പ് ജെയിൽ മൂന്നു പോയിന്റുമായി ഓസ്ട്രിയ അർജന്റീനയ്ക്കൊപ്പമെത്തി.

ആദ്യ മിനിറ്റുകളിൽ 67 ശതമാനം പന്തടക്കത്തോടെ കളിച്ചത് ഓസ്ട്രിയ ആണെങ്കിലും ആദ്യ ഗോളവസരങ്ങൾ സൃഷ്ടിച്ചത് ജോർദാനായിരുന്നു. രണ്ടാം മിനിറ്റിൽ തന്നെ പോസ്റ്റിന്റെ ഇടതുവശത്തു നിന്നുള്ള ക്യാപ്റ്റൻ എഹ്സാൻ ഹദ്ദാദിന്റെ ഷോട്ട് പുറത്തേക്കുപോയി. പിന്നാലെ 9 ാം മിനിറ്റിൽ മൂസ അൽ തമാരിയുടെ ഓൺടാർജറ്റ് ഷോട്ടും വലയിലെത്തിയില്ല. 17 ാം മിനിറ്റിൽ ബോക്സിന് പുറത്തു നിന്ന് ജോർദാൻ താരം ഓദേ ഫഖൂരിയുടെ ഷോട്ട് ഓസ്ട്രിയൻ ഗോൾ കീപ്പർ അലക്സാണ്ടർ ഷ്ളാഗർ ഉയർന്നു ചാടി ക്രോസ് ബാറിനു പുറത്തേക്ക് തട്ടിയകറ്റി.

20 ാം മിനിറ്റിൽ മത്സരത്തിലെ ആദ്യ ഗോൾ പിറന്നു. ബോക്സിനു പുറത്തു നിന്ന് റൊമാനോ ഷ്മിഡ് വെടിയുണ്ട കണക്കെ തൊടുത്ത നെടുനീളൻ ഷോട്ട് ഗോൾ വലയ്ക്കുള്ളിലേക്ക് പറന്നിറങ്ങുന്നത് ജോർദാൻ ഗോൾ കീപ്പർ യസീദ് അബുലൈലയ്ക്ക് നോക്കി നിൽക്കാനേയായുള്ളു. മത്സരത്തിന്റെ ആദ്യ ഇരുപതു മിനിറ്റിലെ ഓസ്ട്രിയയുടെ ആദ്യ ഓൺടാർജറ്റ് ഷോട്ട് തന്നെ റൊമാനോ ഷ്മിഡ് ഗോളാക്കി മാറ്റി. ഗോളിനു പിന്നാലെ ജോർദാൻ പോസ്റ്റ് ലക്ഷ്യമാക്കി ഓസ്ട്രിയ നിരന്തരം ആക്രമിച്ചു കയറിയെങ്കിലും ലീഡുയർത്താനായില്ല.
അതിനിടെ 34 ാം മിനിറ്റിൽ സമനില പിടിക്കാൻ ജോർദാന് തുടർച്ചയായ രണ്ട് അവസരങ്ങൾ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. ആദ്യ നീക്കത്തിൽ അലി ഓൾവാന്റെ ഷോട്ട് ഗോൾ കീപ്പർ അലക്സാണ്ടർ ഷ്ളാഗർ മനോഹരമായി തടുത്തു. പിന്നാലെ മൂസ അൽ തമാരിയുടെ ഫോളോ അപ്പ് നീക്കവും വിഫലമാക്കി. ആദ്യപകുതി അവസാനിക്കുമ്പോൾ റൊമാനോ ഷ്മിഡിന്റെ അതിമനോഹര ഗോളിൽ ഓസ്ട്രിയ മുന്നിട്ടുനിന്നു
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ജോർദാൻ തിരിച്ചടിച്ചു. 50 ാം മിനിറ്റിൽ കൗണ്ടർ അറ്റാക്കിനിടെ ഇടത് വിങ്ങിൽ നൂർ അൽറവാബ്ദെയിൽ നിന്ന് പന്ത് ലഭിച്ച അലി ഓൾവാൻ ബോക്സിലേക്ക് സ്ലൈഡ് ചെയ്ത് കയറി ഗോൾവലയിലെത്തിക്കുകയായിരുന്നു. ഇതോടെ ലോകകപ്പിൽ ഗോൾ നേടുന്ന ആദ്യ ജോർദാൻ കളിക്കാരനായി അലി ഒൾവാൻ മാറി. പിന്നാലെ 67 ാം മിനിറ്റിൽ ജോർദാൻ പോസ്റ്റിനുള്ളിലെ കൂട്ടപ്പൊരിച്ചിലിനിടെ മാർക്കോ അർണൗട്ടോവിക് പന്ത് വലയിലെത്തിച്ചെങ്കിലും റിവ്യൂയിൽ ഗോൾ അല്ലെന്ന് വിധിച്ചു.
76 ാം മിനിറ്റിൽ ജോർദാൻ താരം യാസൻ അൽ അറബിന്റെ സെൽഫ് ഗോളിൽ ഓസ്ട്രിയ ലീഡ് പിടിച്ചു. ഇടത് ഭാഗത്തു നിന്നുള്ള കോർണറിൽ ജോർദാൻ ബോക്സിലേക്ക് പറന്നു കയറിയ പന്ത് തടയാനുള്ള ശ്രമത്തിനിടെ യാസൻ അൽ അറബിന്റെ പുറകിലിടിച്ച പന്ത് ഗോൾകീപ്പർ അബുലൈലയെ മറികടന്ന് ഗോൾവലയിൽ പതിക്കുകയായിരുന്നു. നിശ്ചിത സമയത്തിനു ശേഷമുള്ള അധിക സമയത്തെ 12 ാം മിനിറ്റിൽ ജോർദാൻ താരം സലീം ഒബൈദിന്റെ ഫൗളിൽ ലഭിച്ച പെനാൽറ്റിയിലാണ് മാർക്കോ അർണൗട്ടോവിക് ഓസ്ട്രിയയുടെ മൂന്നാം ഗോൾ സ്വന്തമാക്കിയത്.

