
ഹൂസ്റ്റണ്‍: ഫിഫ ലോകകപ്പില്‍ പോര്‍ച്ചുഗലിന് നിരാശാജനകമായ തുടക്കം. ഗ്രൂപ്പ് കെയില്‍ ആഫ്രിക്കന്‍ ടീമായ ഡിആര്‍ കോംഗോയൈണ് പറങ്കിപ്പടയെ 1-1നു സമനിലയില്‍ പൂട്ടിയത്. കളി തുടങ്ങി ആറാം മിനിറ്റിൽ തന്നെ അവർ മുന്നിലെത്തി. ഇടതുവിങ്ങിൽ നിന്ന് പെഡ്രോ നെറ്റോ നൽകിയ ക്രോസ് മികച്ചൊരു ഹെഡറിലൂടെ ജാവോ നെവെസ് വലയിലാക്കുകയായിരുന്നു.

ഇതോടെ വലിയൊരു ഗോള്‍മഴ ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും ഒന്നുമുണ്ടായില്ല. ഈ ഗോള്‍ മാറ്റി നിര്‍ത്തിയാല്‍ കളിയില്‍ എടുത്തു പറയത്തക്ക മുഹൂര്‍ത്തങ്ങളൊന്നും സൃഷ്ടിച്ചെടുക്കാന്‍ പോര്‍ച്ചുഗലിനായില്ല. ഒന്നാം പകുതിയുടെ ഇഞ്ചുറിടൈമിലാണ് പരിചയ സമ്പന്നനായ സ്ട്രൈക്കര്‍ യൊവാനെ വിസെയുടെ ഹെഡ്ഡര്‍ ഗോളില്‍ കോംഗോ സമനില പിടിച്ചുവാങ്ങിയത്.

ആദ്യ പകുതിയിൽ മഞ്ഞക്കാർഡ് വാങ്ങിയ ബെർണാർഡോ സിൽവയ്ക്ക് പകരം ഫ്രാൻസിസ്കോ കോൺസെയ്സാവോയെ കളത്തിലിറക്കിയാണ് പോർച്ചുഗൽ രണ്ടാം പകുതിക്കിറങ്ങിയത്. ഇതോടെ പോർച്ചുഗീസ് വലതുവിങ് സജീവമായി. കോൺസെയ്സാവോയുടെ മുന്നേറ്റങ്ങൾ കോംഗോ പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ചു.
ഗോൾ നേടിയതോടെ രണ്ടാം പകുതിയിൽ വർധിച്ച ആത്മവിശ്വാസത്തോടെ കളിക്കുന്ന കോംഗോയെയാണ് കാണാനായത്. എഡോ കയെംബെയും സാമുവൽ മുത്തുസ്വാമിയും നോവ സദിക്കിയും മുന്നേറ്റനിരയ്ക്ക് തുടർച്ചയായി പന്തെത്തിച്ചതോടെ പോർച്ചുഗലിന് പ്രതിരോധത്തിൽ പിടിപ്പത് പണിയായി.
ഇതിനിടെ 54-ാം മിനിറ്റിൽ ഒരു ഓവർഹെഡ് കിക്കിലൂടെ ജാനോ കാൻസെലോ പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ്സൈഡായി. പിന്നാലെ 57-ാം മിനിറ്റിൽ കോംഗോ ഗോളിനടുത്തെത്തി. പോർച്ചുഗീസ് ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ പന്ത് ലഭിച്ച സെഡ്രിക്ക് ബക്കാംബുവിന്റെ ഷോട്ട് പക്ഷേ പോസ്റ്റിലിടിച്ച് മടങ്ങി.
ഇരു ഭാഗത്തും ആക്രമണങ്ങൾ ശക്തമായതോടെ മത്സരം ചൂടുപിടിച്ചു. ഇതോടെ ഇടയ്ക്ക് കാര്യങ്ങൾ ചെറിയ കയ്യാങ്കളിയിലേക്കും നീണ്ടു. പിന്നാലെ ലഭിച്ച രണ്ട് മികച്ച അവസരങ്ങൾ റൊണാൾഡോ നഷ്ടപ്പെടുത്തുന്നതും കണ്ടു. 68-ാം മിനിറ്റിൽ കോൺസെയ്സാവോ ഒരുക്കി നൽകിയ അവസരം റൊണാൾഡോ പുറത്തേക്കടിച്ചുകളഞ്ഞു. പിന്നാലെ 73-ാം മിനിറ്റിലും റൊണാൾഡോ അവസരം നഷ്ടപ്പെടുത്തി. ഈ സമയത്തെല്ലാം കോൺസെയ്സാവോ മികച്ച ഒറ്റയാൾ മുന്നേറ്റങ്ങൾ നടത്തി ശ്രദ്ധനേടി.
മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ പോർച്ചുഗീസ് മുന്നേറ്റങ്ങൾ ഫലപ്രദമായി പ്രതിരോധച്ചതോടെ കോംഗോയ്ക്ക് ജയത്തോളം പോന്ന സമനില.

