
കൊല്ലം: കൊല്ലത്ത് കിണറ്റില്‍ ചാടുകയും പിന്നീട് കിണറിടിഞ്ഞ് വീണ് മറ്റ് രണ്ട് പേര്‍ക്കൊപ്പം മരിക്കുകയും ചെയ്ത അര്‍ച്ചനയുടെ വീഡിയോ പുറത്ത്. അര്‍ച്ചനക്കൊപ്പം ഫയര്മാന് സോണി, ശിവകൃഷ്ണന്‍ എന്നിവര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. കിണറില്‍ ചാടുന്നതിന് തൊട്ടുമുന്‍പ് അര്‍ച്ചന ചിത്രീകരിച്ചതാണ് വീഡിയോ. ആണ് സുഹൃത്ത് ശിവകൃഷ്ണന്റെ മര്‍ദനത്തെ തുടര്‍ന്ന് അര്‍ച്ചനയുടെ മുഖത്ത് പരിക്കേറ്റത് വീഡിയോയില്‍ വ്യക്തമാണ്. കണ്ണുകളുടെ താഴെ ചതഞ്ഞതും പൊട്ടി ചോര പൊടിയുന്നതും ദൃശ്യത്തിലുണ്ട്. ചുണ്ടും പൊട്ടിയിട്ടുണ്ട്. അതിനിടെ ശിവകൃഷ്ണന്‍ അമ്മയെ സ്ഥിരം മര്‍ദിച്ചിരുന്നുവെന്ന് അര്‍ച്ചനയുടെ
മകളും വ്യക്തമാക്കി. ”ശിവകൃഷ്ണന്‍ സ്ഥിരം മദ്യപാനിയാണ്. ഇന്നലെ രാവിലെ മുതല്‍ ഇയാള്‍ മദ്യപിച്ചിരുന്നു. ഇതോടെ അമ്മ മദ്യക്കുപ്പി ഒളിപ്പിച്ചു വെച്ചു. ഇതിന്റെ ദേഷ്യത്തിലാണ് അമ്മയെ ശിവകൃഷ്ണന്‍ മര്‍ദിച്ചത്. മര്‍ദനം സഹിക്കാന്‍ വയ്യാതെയാണ് അമ്മ കിണറ്റില്‍ ചാടിയത്” – അര്‍ച്ചനയുടെ പതിനാലുകാരിയായ മകള്‍ പറഞ്ഞു

ഇന്ന് പുലര്‍ച്ചെ ഒരു മണിടെയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. അര്‍ച്ചന കിണറ്റില്‍ ചാടിയ വിവരം മകള്‍ സമീപവാസികളെ അറിയിക്കുകയും തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് കൊട്ടാരക്കര ഫയര്‍ഫോഴ്സ് സ്ഥലത്ത് എത്തുകയുമായിരുന്നു. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് സോണി കിണറ്റില്‍ ഇറങ്ങി അര്‍ച്ചനയുടെ സമീപമെത്തി. ഈ സമയം അര്‍ച്ചനയ്ക്ക് ജീവനുണ്ടായിരുന്നു. ഇതിനിടെ ശിവകൃഷ്ണന്‍ കിണറിന്റെ തൂണില്‍ പിടിച്ചു നില്ക്കുന്നുണ്ടായിരുന്നു. പല തവണ അവിടെ നിന്ന് മാറിനില്ക്കാന് അവശ്യപ്പെട്ടെങ്കിലും അയാള്‍ മാറിയില്ല. അര്‍ച്ചനയുമായി സോണി റോപ്പില്‍ മുകളിലേക്ക് കയറുന്നതിനിടെ കിണറിന്റെ കൈവരി ഇടിഞ്ഞ് ശിവകൃഷ്ണന്‍ കിണറ്റിലേക്ക് വീണു. സോണിയുടെയും അര്‍ച്ചനയുടെയും മുകളിലേക്കായിരുന്നു മണ്ണും കല്ലുകളും ശിവകൃഷ്ണനും വീണത്. തുടര്‍ന്ന് 4 മണിക്കൂര്‍ നീണ്ട രക്ഷാ പ്രവര്‍ത്തനത്തിനൊടുവിലാണ് മൂന്ന് പേരെയും പുറത്തെടുത്തത്. അപ്പോഴേക്കു മൂന്ന് പേരുടെയും ജീവന് നഷ്ടപ്പെട്ടിരുന്നു.


