
ശബരിമല സ്വര്‍ണ കവർച്ച കേസിൽ അന്വേഷണവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും. അന്വേഷണത്തിന്റെ ഭാഗമായി ഇഡി പ്രാഥമിക വിവര ശേഖരിച്ചു തുടങ്ങി. പ്രത്യേക അന്വേഷണ സംഘം സ്വര്‍ണം കാണാതായ സംഭവത്തിൽ എഫ്ഐആർ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് ഇഡി നടപടി.
ദേവസ്വം വിജിലൻസ് റിപ്പോർട്ടും മൊഴികളും ഇ ഡി പരിശോധിക്കും. പ്രാഥമിക അന്വേഷണത്തിനുശേഷം ഇസിഐആർ രജിസ്റ്റർ ചെയ്യുന്നതിൽ തീരുമാനമെടുക്കും.

പ്രത്യേക അന്വേഷണ സംഘം രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദ്വാരപാലക ശിൽപത്തിന്റെ സ്വർണപ്പാളി കടത്തിയതും കട്ടിളപ്പാളിയിലെ സ്വർണം പതിപ്പച്ച പാളികൾ കടത്തിയതും രണ്ട് കേസുകളായാണ് രജിസ്റ്റർ ചെയ്തത്. രണ്ടിലും ഉണ്ണികൃഷ്ണൻ പോറ്റിയാണ് ഒന്നാം പ്രതി. ദ്വാരപാലക ശിൽപത്തിലെ സ്വർണം കടത്തിയ സംഭവത്തിൽ ഒൻപത് പേരെയാണ് പ്രതി ചേർത്തിരിക്കുന്നത്.

ഡിജിപി റവാഡ ചന്ദ്രശേഖറിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയത്. എഡിജിപി എച്ച് വെങ്കിടേഷിന്റെ മേല്‍നോട്ടത്തില്‍ പൊലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ എസ് ശരിധരന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി എസ്ഐടി സംഘം ദേവസ്വം ആസ്ഥാനത്ത് എത്തി പരിശോധന നടത്തിയിരുന്നു. രണ്ട് സമയങ്ങളിലായിരുന്നു ശബരിമലയിൽ സ്വർണക്കൊള്ള നടന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. വാതിൽപ്പാളിയിലെ സ്വർണം 2019 മാർച്ചിൽ കടത്തിക്കൊണ്ടുപോയി ഉരുക്കിയതായും ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം അതെ വർഷം ഓഗസ്റ്റിൽ കവർന്നതായുമാണ് സംശയിക്കുന്നത്. എസ്ഐടി ഈ കാര്യങ്ങളിലാണ് വിശദമായ അന്വേഷണം നടത്തുക.

