

വയനാട്ടില്‍ കാട്ടിക്കുളം പുളിമൂട് ഉന്നതിയിലെ രാജുവിനാണ് കാട്ടാന ആക്രമണത്തില്‍ ജീവന് നഷ്ടമായത്. കൃഷിയിടത്തില്‍ ജോലി ചെയ്തു കൊണ്ടിരിക്കെയാണ് രാജുവിനെ രാവിലെ കാട്ടാന ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ രാജുവിനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
തുടര്‍ന്ന് പിന്നീട് മരണം സംഭവിക്കുകയായിരുന്നു. കാട്ടിക്കുളം വെള്ളാഞ്ചേരിയില്‍ ജനവാസ മേഖലയില്‍ ഒറ്റയാന് ഇറങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇന്ന് രാവിലെയോടെയാണ് ഒറ്റയാന്റെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടത്. ജനവാസ മേഖലയില്‍ ആന നിലയുറപ്പിച്ചതോടെ പ്രദേശവാസികള്‍ ഭീതിയിലായിരുന്നു. എന്നിട്ടും അധിക്യതര്‍ മുന്‍കരുതല്‍ നടപടികള്‍ കൈക്കൊണ്ടില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി

ആനയെ തുരത്താന്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ ശ്രമം നടക്കുകയാണ്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്ത് നിരീക്ഷണം തുടരുകയാണ്. പ്രദേശവാസികള്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. ആനയെ സുരക്ഷിതമായി വനത്തിലേക്ക് തിരിച്ചയക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. മാനന്തവാടി ആശുപത്രിയിലും നാട്ടുകാർ പ്രതിഷേധിച്ചു. വനം മന്ത്രി സ്ഥലത്ത് വരണമെന്ന് മുൻമന്ത്രി ഒ ആർ കേളു ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പട്ടു. ഒടുങ്ങാത്ത വന്യജീവി ഭീതിയ്ക്ക് ഉടൻ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് CPMൻ്റെ നേതൃത്വത്തിലും പ്രതിഷേധം നടന്നു







