
കൊച്ചി: എഴുത്തുകാരി അരുന്ധതി റോയിയുടെ പുതിയ പുസ്തകത്തിന്റെ കവര്‍ പേജിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. കവര്‍ പേജിലുള്ള പുകവലിക്കുന്ന ചിത്രത്തിനൊപ്പം ജാഗ്രതാ നിര്‍ദ്ദേശം നല്‍കാത്തത് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ എ രാജസിംഹനാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. കഴിഞ്ഞ മാസം പുറത്തിറങ്ങിയ അരുന്ധതി റോയിയുടെ ഓര്മ പുസ്തകമായ ‘മദര്‍ മേരി കംസ് ടു മീ’ എന്ന പുസ്തകത്തിന്റെ കവര്‍ ചിത്രമാണ് വിവാദമായത്.
അമ്മ മേരി റോയിയുടെ മരണത്തെ തുടര്‍ന്ന് അരുന്ധതി റോയി എഴുതിയ ഓര്‍മ്മക്കുറിപ്പുകളാണ് പുസ്തകത്തിലുള്ളത്

ഹർജിക്ക് പിന്നാലെ അരുന്ധതി റോയിയോടും പുസ്തക പ്രസാധകരായ പെന്ഗ്വിന് ബുക്സിനോടും ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. ഹര്‍ജി ഹൈക്കോടതി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും. വിഷയത്തിൽ കേന്ദ്ര സര്‍ക്കാരും മറുപടി നല്‍കണമെന്ന് ഡിവിഷന് ബെഞ്ച് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്


