
മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത നടിയാണ് സൗന്ദര്യ. കിളിച്ചുണ്ടൻ മാമ്പഴം എന്ന ചിത്രത്തിലെ ആമിനയെ അത്ര പെട്ടന്നൊന്നും മലയാളികൾക്ക് മറക്കാൻ സാധിക്കില്ല. 2004 ൽ തന്റെ 31ാം വയസ്സിലാണ് സൗന്ദര്യ വിമാന അപകടത്തിൽ മരിച്ചത്. ആ ദുരന്തത്തിൽ താനും പെടേണ്ടതായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ നടി മീന . ജഗപതി ബാബുവിൻ്റെ ടോക്ക് ഷോയിൽ സംസാരിക്കുകയായിരുന്നു മീന.

സൗന്ദര്യയുമായുള്ള സൗഹൃദത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മീനയുടെ മറുപടി.
‘ഞങ്ങൾ തമ്മിലുണ്ടായിരുന്ന മത്സരം എപ്പോഴും ആരോഗ്യകരമായിരുന്നു. സൗന്ദര്യ വളരെ കഴിവുള്ളവളായിരുന്നു. എൻ്റെ വളരെ അടുത്ത സുഹൃത്തായിരുന്നു. അവളുടെ മരണ വാർത്ത എന്നെ ഞെട്ടിച്ചിരുന്നു. ഇന്നും ആ ഞെട്ടലിൽ നിന്ന് എനിക്ക് പൂർണ്ണമായും കരകയറാൻ കഴിഞ്ഞിട്ടില്ല. അപകടം സംഭവിച്ച ദിവസം ഞാൻ സൗന്ദര്യയോടൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകേണ്ടതായിരുന്നു, എന്നെയും ക്ഷണിച്ചിരുന്നു. പക്ഷേ രാഷ്ട്രീയത്തിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും എനിക്ക് താത്പര്യമില്ലാത്തതിനാൽ ഒരു ഷൂട്ട് ഉണ്ടെന്ന് പറഞ്ഞ് ഞാൻ ഒഴിവായി. അതിനുശേഷം സംഭവിച്ചത് കേട്ട് ഞാൻ തകർന്നുപോയി..’ – മീന വെളിപ്പെടുത്തി. അപകടം നടന്ന് 21 വർഷങ്ങൾക്ക് ശേഷമാണ് മീന ഇക്കാര്യം തുറന്ന് പറയുന്നത്.


