

ദില്ലി: ഓൺലൈൻ എയർ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമുകൾ ഉപഭോക്താക്കളിൽ നിന്ന് അമിതമായി ക്യാൻസലേഷൻ ചാർജുകൾ ഈടാക്കുന്നുവെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി. ഡിജിറ്റൽ ട്രാവൽ ബുക്കിംഗ് രംഗത്തെ സുതാര്യതയില്ലായ്മയും ഉപഭോക്തൃ സംരക്ഷണ ലംഘനവും സംബന്ധിച്ച ആശങ്കകളെത്തുടർന്നാണ് ഈ നടപടി.

എയർലൈനുകൾ നിശ്ചയിച്ചിട്ടുള്ള തുകയേക്കാൾ കൂടുതലാണോ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഈടാക്കുന്നത് എന്നും, ബുക്കിംഗ് സമയത്ത് വ്യക്തമാക്കിയ തുകയാണോ ക്യാൻസൽ ചെയ്യുമ്പോൾ ഈടാക്കുന്നത് എന്നും പരിശോധിക്കാൻ ഉപഭോക്തൃ കാര്യ വകുപ്പിനും സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിക്കും (CCPA) മന്ത്രി നിർദ്ദേശം നൽകി. വിപണിയിലെ മറ്റ് ഓൺലൈൻ ടിക്കറ്റിംഗ് പ്ലാറ്റ്ഫോമുകളിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

ഇത്തരം നടപടികൾ അന്യായമാണെന്ന് കണ്ടെത്തുകയോ ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്ന് തെളിയുകയോ ചെയ്താൽ, അത് 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം ‘അന്യായമായ വ്യാപാര രീതികളുടെ’ (Unfair Trade Practices) പരിധിയിൽ വരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും ന്യായമായ പെരുമാറ്റം ഉറപ്പാക്കുന്നതിനും ക്ലാസ് ആക്ഷൻ നടപടികൾ ഉൾപ്പെടെയുള്ള ആവശ്യമായ നടപടികൾ CCPA സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.





