

ലോസ്ഏഞ്ചൽസ്: ഗ്രൂപ്പ് ബിയിലെ രണ്ടാം റൗണ്ട് മത്സരത്തിൽ ബോസ്നിയ ഹെർസിഗോവിനയ്ക്കെതിരെ നാല് ഗോൾ വിജയവുമായി സ്വിറ്റ്സർലാൻഡ്. വിജയത്തോടെ നോക്ക് ഔട്ട് സാധ്യതകൾ നിലനിർത്താനും സ്വിറ്റ്സർലാൻഡിനായി. ക്യാപ്റ്റൻ ഗ്രാനിറ്റ് ഷാക്കയുടെ നേതൃത്വത്തിലിറങ്ങിയ സ്വിസ്സ് പട, പൂർണമായ ആധിപത്യം തന്നെയായിരുന്നു മത്സരത്തിൽ കാഴ്ചവച്ചത്. മത്സരം അവസാനത്തോടടുക്കുമ്പോൾ ബോസ്നിയ പൊരുതിനോക്കിയെങ്കിലും അവസാന വിജയം സ്വിറ്റ്സർലാൻഡിനായിരുന്നു. ജൊഹാൻ മൻസംബിയുടെ ഇരട്ട ഗോളിന്റെ കരുത്തിലായിരുന്നു സ്വിസ്സിന്റെ വിജയം.

ഗോൾ രഹിതമായ ആദ്യപകുതിക്ക് ശേഷം മത്സരത്തിന്റെ എഴുപത്തിനാലാമ മിനിറ്റിലാണ് ആദ്യ ഗോൾ പിറന്നത്. ബോസ്നിയൻ കോർട്ടിലേക്ക് ക്രോസ് ചെയ്ത ഗോൾ പ്രതിരോധനിരക്കാർ ക്ലിയർ ചെയ്തെങ്കിലും മനോഹരമായ ഒരു വോളിയിലൂടെ ജൊഹാൻ മൻസംബി സ്വിസ്സിന് വേണ്ടി വലയിലെത്തിച്ചു. എണ്പത്തിനാലാം മിനിറ്റിൽ റൂബൻ വർഗാസ് ടീമിന് വേണ്ടി രണ്ടാം ഗോൾ തികച്ചു. തൊണ്ണൂറാം മിനിറ്റിൽ ടീമിന് വേണ്ടി തന്റെ രണ്ടാം ഗോളും മികച്ചൊരു ഫിനിഷിങ്ങിലൂടെ ജൊഹാൻ മൻസംബി പൂർത്തിയാക്കി. എക്സ്ട്രാ ടൈമിൽ ലഭിച്ച പെനാൽറ്റി ക്യാപ്റ്റൻ ഗ്രാനിറ്റ് ഷാക്കയും വലയിലെത്തിച്ചു. എക്സ്ട്രാ ടൈമിൽ
തന്നെയാണ് ബോസ്നിയയുടെ ഗോളും പിറന്നത്. മനോഹരമായൊരു ലോങ്ങ് റേഞ്ചർ വോളിയിലൂടെ എർമിൻ മഹ്മിക് ആണ് ബോസ്നിയയ്ക്ക് വേണ്ടി സ്കോർ ചെയ്തത്.

വാൻകൂവറിൽ അരങ്ങേറിയ കാനഡ- ഖത്തർ മത്സരത്തിൽ എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് ആതിഥേയരായ കാനഡ വിജയിച്ചത്. കാനഡയുടെ ആദ്യ ലോകകപ്പ് വിജയം. ജോനാഥൻ ഡേവിഡിന്റെ ഹാട്രിക് മികവിലാണ് കാനഡയുടെ വിജയം. മെസിക്ക് ശേഷം ഈ ടൂർണമെന്റിൽ ഹാട്രിക് നേടുന്ന രണ്ടാം താരം കൂടിയാണ് ജോനാഥൻ ഡേവിഡ്.
കൈൽ ലാറിൻ ആയിരുന്നു മറ്റൊരു ഗോള കാനഡയ്ക്ക് വേണ്ടി നേടിയത്. ഏഴുപത്തിയഞ്ചാം മിനിറ്റിൽ ഖത്തറിന്റെ മുഹമ്മദ് മാനായി സെൽഫ് ഗോൾ വഴങ്ങിയതും ഏഷ്യൻ പ്രതീക്ഷകളായിരുന്ന ഖത്തറിന് വിനയായി. മത്സരത്തിൽ കാനഡയുടെ പൂർണമായ ആധിപത്യമായിരുന്നു ഇന്ന് കണ്ടത്. തുടർച്ചയായ ആക്രമണങ്ങളും ക്രോസുകളും കൊണ്ട് ഖത്തർ ബോക്സിൽ നിറഞ്ഞുനിൽക്കുന്ന കാഴ്ചയായിരുന്നു കണ്ടത്. ജയത്തോടെ ഗ്രൂപ് ബിയിൽ സ്വിറ്റ്സർലാൻഡും, കാനഡയും തങ്ങളുടെ നോക്ക്ഔട്ട് സാധ്യതകൾ നിലനിർത്തി.





