

വാഷിങ്ടൺ; ലോകകപ്പിൽ ഗ്രൂപ്പ് എൽ മത്സരത്തിൽ പാനമയെ കീഴടക്കി ഘാന. എതിരില്ലാത്ത ഒരു ഗോളിനാണ് ഘാനയുടെ ജയം. മത്സരത്തിന്റെ ഇഞ്ചുറി ടൈമിലാണ് ഗോൾ പിറന്നത്. മത്സരത്തിലുടനീളം പാനമ മികച്ചുനിന്നെങ്കിലും ഗോൾ കണ്ടെത്താനാവാത്തത് തിരിച്ചടിയായി.

ആദ്യ പകുതിയിൽ ഇരുടീമുകളും പ്രതിരോധത്തിലൂന്നി കളിച്ചതോടെ നീക്കങ്ങൾക്കൊന്നും മൂർച്ചയുണ്ടായിരുന്നില്ല. മത്സരത്തിനിടെ ഒന്നാം നമ്പർ ഗോൾകീപ്പർ ലോറൻസ് അതി സിഗിക്ക് പരിക്കേറ്റത് ഖാനയ്ക്ക് തിരിച്ചടിയായെങ്കിലും പകരക്കാരൻ ബെഞ്ചമിൻ അസാരെ കോട്ട കാത്തു.

മത്സരം സമനിലയിലേക്ക് എന്ന് കരുതിയ നിമിഷത്തിലാണ് കളി മാറിയത്. 95-ാം മിനിറ്റിൽ ഖാന നടത്തിയ മിന്നൽ കൗണ്ടർ അറ്റാക്കിനൊടുവിൽ ബ്രാൻഡൻ തോമസ്-അസാന്തെ ബോക്സിന്റെ ഇടതുഭാഗത്തുനിന്നും നൽകിയ മനോഹരമായ പാസ് കാലെബ് യിരങ്കി കൃത്യമായ ഒരു ടാപ്പ്-ഇന്നിലൂടെ പാനമയുടെ വലയിലെത്തിച്ചു (1-0). ഈ ഒറ്റ ഗോളോടെ ഗ്രൂപ്പിൽ വിലപ്പെട്ട മൂന്ന് പോയിന്റുകൾ ഖാന സ്വന്തമാക്കി.





