
ഫിലാഡല്‍ഫിയ: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഇയില്‍ ലാറ്റിന്‍ അമേരിക്കന്‍ കരുത്തരായ ഇക്വഡോറിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ഐവറി കോസ്റ്റ്. കടുത്ത പോരാട്ടത്തില്‍ 90-ാം മിനിറ്റില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം അമദ് ദിയാലോ നേടിയ ഗോളാണ് ആഫ്രിക്കന്‍ വമ്പന്മാര്ക്ക് ചരിത്രവിജയം സമ്മാനിച്ചത്. ഈ പരാജയത്തോടെ ഇക്വഡോറിന്റെ തുടര്‍ച്ചയായ 19 മത്സരങ്ങളുടെ അപരാജിത കുതിപ്പിനാണ് വിരാമമായത്.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇക്വഡോര്‍ കളം നിറഞ്ഞു കളിച്ചെങ്കിലും രണ്ടാം പകുതിയില്‍ തന്ത്രപരമായ മാറ്റങ്ങളിലൂടെ ഐവറി കോസ്റ്റ് കളി കൈപ്പിടിയിലൊതുക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ അരമണിക്കൂറില്‍ ഇക്വഡോര്‍ ആണ് പൂര്‍ണ ആധിപത്യം പുലര്‍ത്തിയത്. എന്നാല്‍ നിര്‍ഭാഗ്യം അവരുടെ മുന്നേറ്റങ്ങള്‍ക്ക് വിലങ്ങുതടിയായി. കളിയുടെ ആദ്യ പകുതിയില്‍ ഇക്വഡോര്‍ താരങ്ങളായ ജോണ്‍ യെബോവയുടെയും അലന് മിന്‍ഡയുടെയും തകര്‍പ്പന്‍ ഷോട്ടുകള്‍ ഐവറി കോസ്റ്റ് ഗോള്‍പോസ്റ്റിന്റെ ക്രോസ്സ്ബാറില്‍ തട്ടിത്തെറിക്കുകയായിരുന്നു.

രണ്ടാം പകുതിയില്‍ കളിയിലേക്ക് ശക്തമായി തിരിച്ചുവന്ന ഐവറി കോസ്റ്റിനും ഒരു സുവര്‍ണ്ണാവസരം നഷ്ടമായി. എലി വാഹിയുടെ ഒരു മികച്ച ശ്രമം ഇക്വഡോര്‍ പോസ്റ്റില്‍ തട്ടി മടങ്ങി. മത്സരം സമനിലയിലേക്ക് എന്ന് ഉറപ്പിച്ചിരുന്ന 90-ാം മിനിറ്റിലാണ് കളിയിലെ ഒരേയൊരു ഗോള്‍ പിറന്നത്. വില്‍ഫ്രഡ് സിംഗോ വലതുവിങ്ങില്‍ നിന്നും നല്കിയ മനോഹരമായ പന്ത് സ്വീകരിച്ച പകരക്കാരനായി ഇറങ്ങിയ അമദ് ദിയാലോ, ബോക്സിനുള്ളില്‍ നിന്നും കൃത്യമായ ഒരു ഇടങ്കാലന്‍ ഷോട്ടിലൂടെ പന്ത് ഇക്വഡോര്‍ വലയിലെത്തിക്കുയായിരുന്നു.
ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഐവറി കോസ്റ്റ് ഒരു ലാറ്റിന്‍ അമേരിക്കന്‍ രാജ്യത്തെ പരാജയപ്പെടുത്തുന്നത്. 2014ന് ശേഷം ലോകകപ്പ് വേദിയിലേക്കുള്ള അവരുടെ തിരിച്ചുവരവ് ഈ വിജയത്തോടെ അവര്‍ അവിസ്മരണീയമാക്കി. ഇക്വഡോറിന്റെ സൂപ്പര്‍ താരം ഗോണ്‍സാലോ പ്ലാറ്റയുടെ കടുത്ത ഗോള്‍ ശ്രമങ്ങള്‍ തടഞ്ഞുനിര്‍ത്തിയ ഐവറി കോസ്റ്റ് ഗോള്‍കീപ്പര്‍ യഹിയ ഫോഫാനയുടെ പ്രകടനവും വിജയത്തില്‍ നിര്‍ണായകമായി.

