
ഓക്ക്ലൻഡ്: 16-ാം വയസ്സിൽ വെല്ലിങ്ടൺ ഫീനിക്സ് എഫ്.സി.യിലൂടെ കരിയർ ആരംഭിച്ച സർപ്രീത്, 2018-19 സീസണിലെ മികച്ച പ്രകടനത്തോടെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് 2019-ലെ ഫിഫ അണ്ടർ-20 ലോകകപ്പിലെ മികച്ച പ്രകടനം ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ ബയേൺ മ്യൂണിക്കിന് വേണ്ടി കളിക്കുന്ന ഇന്ത്യൻ വംശജനായ ആദ്യ കളിക്കാരനായും ബുണ്ടസ്ലിഗയിൽ കളിക്കുന്ന രണ്ടാമത്തെ ന്യൂസീലൻഡ് താരമായും സർപ്രീത് ചരിത്രംകുറിച്ചു. പിന്നീട് ജർമനിയിലേയും പോർച്ചുഗലിലേയും സെർബിയയിലേയും വിവിധ ക്ലബ്ബുകൾക്കായി താരം ബൂട്ടുകെട്ടി.

ദേശീയ ടീമിനായി 2018 മാർച്ചിൽ കാനഡയ്ക്കെതിരെയാണ് സർപ്രീത് അരങ്ങേറ്റംകുറിച്ചത്. ആ വർഷം മുംബൈയിൽ നടന്ന ഇന്റർകോണ്ടിനെന്റൽ കപ്പിൽ കെനിയയ്ക്കെതിരെയാണ് ആദ്യ അന്താരാഷ്ട്ര ഗോൾ നേട്ടം. അതേ ടൂർണമെന്റിൽ ഇന്ത്യക്കെതിരേ ന്യൂസീലൻഡ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജയിച്ചപ്പോൾ രണ്ട് ഗോളുകൾക്കും വഴിയൊരുക്കിയത് സർപ്രീതായിരുന്നു. പാരീസ് ഒളിമ്പിക്സിലും ന്യൂസീലൻഡിനായി കളിച്ചിട്ടുണ്ട്.

ന്യൂസീലൻഡിലെ ഓക്ലൻഡിൽ 1999 ഫെബ്രുവരി 20-നാണ് സർപ്രീത് സിങ് ജനിച്ചത്. പഞ്ചാബ് പാരമ്പര്യമുള്ള സർപ്രീതിന്റെ കുടുംബം ന്യൂസീലൻഡിൽ ഒരു പലചരക്കുകട നടത്തുകയായിരുന്നു.
2026 ഫിഫ ലോകകപ്പിൽ ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് പ്രത്യേകമായി പിന്തുണയ്ക്കാൻ രണ്ട് താരങ്ങളുണ്ട്. ഖത്തർ ടീമിലുൾപ്പെട്ട മലയാളി തഹ്സിൻ മുഹമ്മദ് ജംഷീദും ന്യൂസീലൻഡ് ടീമിലെ ഇന്ത്യൻ വംശജനായ മിഡ്ഫീൽഡർ സർപ്രീത് സിങ്ങും. രണ്ടുപതിറ്റാണ്ടുമുൻപ് 2006 ലോകകപ്പിൽ ഫ്രാൻസിനെ പ്രതിനിധാനം ചെയ്ത വികാഷ് ദൊരാസൂവിന് ശേഷം, ലോകകപ്പ് വേദിയിൽ ഇന്ത്യൻ വേരുകളുള്ള രണ്ടു താരങ്ങൾകൂടി കളത്തിലിറങ്ങുന്നു എന്നത് രാജ്യത്തെ ഫുട്ബോൾ ആരാധകർക്ക് ഏറെ ആവേശംനൽകുന്ന കാര്യമാണ്.

