
അമേരിക്കന്‍ ലോകകപ്പ് ലയണല്‍ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും അവസാന ലോകകപ്പായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇതേ ലോകകപ്പ് മറ്റൊരാള്‍ക്ക് കൂടി അവസാന ലോകകപ്പ് ആയേക്കാമെന്നുള്ള റിപ്പോര്‍ട്ടുകള്‍ കൂടിയുണ്ട്. മെക്സിക്കന്‍ ഗോള്‍കീപ്പര്‍ ഗില്ലര്‍മോ ഒച്ചോവ 40-ാം വയസ്സില്‍ ആറാം ലോകകപ്പിനാണ് താരം എത്തുന്നത്.

അവസാന ലോകകപ്പ് സ്വന്തം നാട്ടില്‍ കളിക്കാനാകുന്നതിന്റെ ആവേശത്തിലാണ് ഇത്തവണ ഒച്ചോവ. ഏറ്റവുമധികം ലോകകപ്പുകളില്‍ പങ്കെടുത്ത നേട്ടം ഇത്തവണ കളിക്കുന്നതോടെ ലഭിക്കും. ഇതിഹാസ താരങ്ങളായ മെസ്സിയും ക്രിസ്റ്റിയാനോയും ആറാം ലോകകപ്പിനെത്തുമ്പോള്‍ അതേകാലത്ത് കളിച്ചുതുടങ്ങിയ ഒച്ചോവയും ഇതിഹാസങ്ങളുടെ നേട്ടങ്ങളോടൊപ്പമെത്തുന്നു എന്ന അപൂര്‍വതയുമുണ്ട്.

2006 ലോകകപ്പിലാണ് ഒച്ചോവ ആദ്യ ലോകകപ്പ് കളിച്ചത്. ശേഷം 2010, 2014, 2018, 2022 ലോകകപ്പുകളിലും കളിച്ചു. 2014 ലോകകപ്പില്‍ ബ്രസീലിനെതിരായ മത്സരത്തില്‍ ഒച്ചോവയുടെ പ്രകടനം മികച്ചതായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഗോള്‍രഹിത സമനിലയിലാണ് അന്ന് മത്സരം കലാശിച്ചത്. ഒച്ചോവയുടെ പ്രകടന ബലത്തിലാണ് ബ്രസീല്‍ സ്വന്തം നാട്ടില്‍ മെക്സിക്കോയോട് സമനില വഴങ്ങിയത്.
സൈപ്രസ് ക്ലബ്ബ് എഇഎല്‍ ലിമസോളിന്റെ താരമാണ് ഒച്ചോവ. മെക്സിക്കോ അണ്ടര്‍ 23 ടീമില്‍ കളിച്ച താരം 2005-ലാണ് സീനിയര്‍ ടീമിലെത്തിയത്. മെക്സിക്കോയ്ക്ക് വേണ്ടി 152 മത്സരങ്ങളില്‍ അദ്ദേഹം കളിച്ചിട്ടുണ്ട്.

