
എറണാകുളം; മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തെറ്റായ കാര്യങ്ങൾ പ്രചരിക്കുന്നതായും പൊലീസ് പറഞ്ഞ പല കാര്യങ്ങളും കളവാണെന്നും ബന്ധുക്കള്‍ ആരോപിച്ചു. ചിത്രപ്രിയയുടെ ബന്ധുവായ ശരത്ത് ലാൽ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് കാലടി പൊലീസിനെതിരെ ഗുരുതര ആരോപണം ഉന്നയിക്കുന്നത്. പൊലീസ് പുറത്ത് വിട്ട സിസിടിവി ദൃശ്യങ്ങളിൽ കാണുന്ന പെൺകുട്ടി ചിത്രപ്രിയ അല്ലെന്നാണ് കുടുംബം പറയുന്നത്

‘പള്ളിയുടെ മുന്നിൽ നിന്ന് ലഭിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങളിലേത് ചിത്രപ്രിയ അല്ല. ചിത്രപ്രിയ അലനുമായി ബൈക്കിൽ പോകുന്നതിൻ്റെ ഒരു ദൃശ്യം പോലും പൊലീസിന് ലഭിച്ചിട്ടില്ല. പള്ളിയുടെ മുന്നിൽ നിന്ന് ലഭിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങളിൽ കാണുന്നവർ എന്തിനാണ് അവിടെയെത്തിയതെന്ന് അന്വേഷിക്കണം’ – ശരത് ലാൽ ആവശ്യപ്പെട്ടു. നേരത്തെ മുതലേ പ്രതിയായ അലൻ ശല്യം ചെയ്തിരുന്നെന്നും ചിത്രപ്രിയ അകറ്റി നിർത്തിയതായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു. സ്കൂൾ പഠന കാലത്ത് തന്നെ ചിത്രപ്രിയയെ അലന് അറിയാമായിരുന്നു. അടുക്കാൻ ശ്രമിച്ചപ്പോഴൊക്കെ അലനെ പെൺകുട്ടി അകറ്റി നിർത്തി. അപ്പോഴും അലൻ ഫോൺ വിളിയിലൂടെയും മറ്റും ചിത്രപ്രിയയെ പിന്തുടരുകയായിരുന്നെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി

അതേസമയം മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിച്ചു വരികയാണെന്നാണ് പൊലീസ് പറയുന്നത്.
പെൺകുട്ടിക്ക് വേറെയും സൗഹൃദങ്ങളുണ്ടെന്ന സംശയത്തിലായിരുന്നു അലന്. ഇക്കാര്യം പറഞ്ഞ് ഇരുവരും തമ്മിൽ നിരവധി തവണ വഴക്കുണ്ടായിട്ടുണ്ടെന്നുംപൊലീസ് പറയുന്നു. കൊലപാതകം നടന്ന ദിവസം കാടപ്പാറ റോഡരികിലെ ഒഴിഞ്ഞ പറമ്പിൽ ഇരുവരും തമ്മിൽ ബലപ്രയോഗം നടന്നതിന്റെ ലക്ഷണമുണ്ടെന്നും ചിത്രപ്രിയയയുടെ മൃതദേഹത്തിന് സമീപം ഒഴിഞ്ഞ മദ്യക്കുപ്പിയും രണ്ട് സോഫ്റ്റ് ഡ്രിങ്ക് കുപ്പികളും കണ്ടെത്തിയിരുന്നുവെന്നും പൊലീസ് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ കൂടുതൽ പേർ പ്രതികളായുണ്ടോ എന്ന് പരിശോധിക്കുമെന്ന് ആലുവ റൂറൽ എസ്പി വ്യക്തമാക്കി. പെൺകുട്ടിയുടെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. പെൺകുട്ടിക്ക് ലഹരി നൽകിയായിരുന്നോ കൊലപാതകമെന്നും പോലീസിന് സംശയമുണ്ട്

