
അടിമാലി മണ്ണിടിച്ചിലിൽ ഗുരുതര പരിക്കേറ്റ സന്ധ്യയുടെ ചികിത്സാ ചെലവ് മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഏറ്റെടുക്കും. ഇത് സംബന്ധിച്ച് മമ്മൂട്ടി നേരിട്ട് എറണാകുളത്തെ രാജഗിരി ആശുപത്രി അധികൃതരുമായി സംസാരിക്കുകയും
സന്ധ്യയുടെ ചികിത്സാച്ചെലവുകൾ പൂർണമായും ഏറ്റെടുക്കാമെന്ന് അറിയിക്കുകയും ചെയ്തു.സാമ്പത്തിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയുള്ള
സന്ധ്യയുടെ സഹോദരൻ സന്ദീപിന്റെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. കാലിലെ മസിലുകൾ ചതഞ്ഞരഞ്ഞതിനാൽ സന്ധ്യയുടെ ഇടതു കാൽ മുട്ടിന് താഴെ നിന്ന് ഇന്നലെ മുറിച്ചു മാറ്റിയിരുന്നു. ഇവരുടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് സന്ധ്യയുടെ ഭർത്താവ് ബിജു കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ദേശീയ പാതക്കായി അശാസ്ത്രീയമായി മണ്ണെടുത്തതിനെ തുടർന്നാണ് പ്രദേശത്ത് അപകടമുണ്ടായതെന്നാണ് ആരോപണം. സ്വാഭാവിക
അപകട ഭീഷണിയുള്ള സ്ഥലമല്ലിത്

മണ്ണെടുത്തതിനെ തുടർന്നുള്ള അപകടസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് നിന്ന് ബിജുവിന്റെതടക്കം 22 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചിരുന്നു. എന്നാൽ രാത്രിയിൽ ഭക്ഷണം കഴിക്കാനായി ബിജുവും ഭാര്യയും വീട്ടിലെത്തിയ ഉടന്‍ മണ്ണിടിഞ്ഞ് അപകടം സംഭവിക്കുകയായിരുന്നു. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് ഇരുവരെയും പുറത്തെടുത്തത്. സ്ലാബ് വീണ് കാല് ചതഞ്ഞരഞ്ഞു പോയ സന്ധ്യയ്ക്ക് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയ നടത്തിയെങ്കിലും പഴുപ്പിന്റെ സാധ്യത കണക്കിലെടുത്ത് കാല് മുറിച്ച് മാറ്റുകയായിരുന്നു.
അപകടത്തോടെ ബിജുവിന്റെ കുടുംബം നിരാലംബരായിരിക്കുകയാണ്. സർക്കാരിന്റെയോ ദേശീയ പാതാ അതോറിറ്റിയുടെയോ ആനുകൂല്യമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ബിജുവിന്റെ മരണ വിവരം സന്ധ്യയെ അറിയിച്ചിട്ടില്ല. ദുരന്തത്തില്‍ അവശേഷിച്ച അമ്മയുടെ കാല് മുറിച്ച് മാറ്റിയതോടെ ഇനിയെങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടു പോകുമെന്ന ആശങ്കയിലാണ് മകളടക്കമുള്ള കുടുംബം. പുനരധിവാസം ചർച്ച ചെയ്യാൻ വെള്ളിയാഴ്ച കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേരുമെന്നാണ് അറിയുന്നത്


