
കണ്ണൂരിൻ്റെ വ്യവസായ, വ്യാപാര രംഗത്തെ അതികായനാണ് ഇന്ന് അന്തരിച്ച പ്രമുഖ വ്യവസായി കല്ലാളത്തിൽ ശ്രീധരന്. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 97 വയസായിരുന്നു. സംസ്കാരം നാളെ പയ്യാമ്പലത്ത് നടക്കും. സ്വപ്രയത്നത്താലും ദീര്‍ഘവീക്ഷണത്താലും കണ്ണൂരിന്റെ വ്യവസായ രംഗത്ത് തന്റേതായ മേൽവിലാസമുണ്ടാക്കിയ വ്യക്തിത്വമായിരുന്നു ശ്രീധരൻ. ആശുപത്രി, ബാർ ഹോട്ടൽ, സിനിമാ തിയേറ്റർ, ഡിസ്റ്റിലറി തുടങ്ങി പല മേഖലകളിലും കൈ വെച്ച് വിജയ ഗാഥ രചിച്ച വ്യവസായിയാണ് ശ്രീധരന്. കവിത, ലിറ്റിൽ കവിത തിയറ്ററുകള്‍, ശ്രീചന്ദ് ഹോസ്പിറ്റല്‍, ശ്രീചന്ദ് മരുന്ന് വിതരണ സ്ഥാപനം, സേവായ് ഹോട്ടൽ, കവിത ടൂറിസ്റ്റ് ഹോം, കെ.എസ് ഡിസ്റ്റിലറി തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ സാരഥിയായിരുന്നു ശ്രീധരൻ

വ്യവസായ രംഗത്ത് തിളങ്ങി നില്‍ക്കുമ്പോഴും സാധാരണക്കാരനെ പോലെ പെരുമാറാനും സൗഹ്യദങ്ങൾക്ക് വില കൽപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെന്നാണ് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നത്.
രാഷ്ട്രീയ പാർട്ടി നേതാക്കളും സാമൂഹിക സാംസ്കാരിക വ്യാവസായിക രംഗത്തെ പ്രമുഖരുമായി നല്ല
സൗഹൃദം കാത്തു സൂക്ഷിക്കാൻ ശ്രീധരന് കഴിഞ്ഞിരുന്നു.
മുൻ മുഖ്യമന്ത്രിമാരായ
ഇ കെ നായനാർ, ഉമ്മൻചാണ്ടി, മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മന്ത്രി ബേബി ജോൺ, മുൻ കേന്ദ്രമന്ത്രി വയലാർ രവി അടക്കമുള്ള ദേശീയ സംസ്ഥാന നേതാക്കളു മായി സൗഹൃദം പുലർത്തിയിരുന്നു. ആദ്യകാല
ക്രിക്കറ്റ് താരവും നല്ലൊരു സംഘാടകനുമായിരുന്നു കല്ലാളത്തില്‍ ശ്രീധരന്


