
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തിൽ ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയിൽ നൽകിയ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. ശബരിമലയിൽ നടന്നത് സ്വര്‍ണ കവര്‍ച്ചയെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടിൽ പറയുന്നത്. സ്വര്‍ണപ്പാളിയിലെ സ്വര്‍ണം കവര്‍ന്നെന്നും സംഭവത്തിൽ വൻ ഗൂഢാലോചന നടന്നെന്നുമാണ് വിജിലന്‍സിന്റെ കണ്ടെത്തൽ. 2019ൽ ദ്വാരപാലക ശിൽപ്പങ്ങളും രണ്ട് സൈഡ് പാളികളുമാണ് സ്വര്‍ണം പൊതിയാൻ കൊണ്ടുപോയത്. ഒന്നര കിലോ സ്വര്‍ണമാണ് ദ്വാരപാലക ശിൽപ്പത്തിൽ പൊതിഞ്ഞത്. എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റി തിരിച്ച് എത്തിച്ച പാളിയിലുള്ളത് 394 ഗ്രാം സ്വര്‍ണം മാത്രമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞെന്നും 8 സൈഡ് പാളികളിലായി 4 കിലോയാണ് പൊതിഞ്ഞതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഇതിൽ രണ്ട് പാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയിരുന്നു. നൽകിയ ആ പാളികളിൽ എത്ര സ്വർണമുണ്ടെന്ന് ഇനി തിട്ടപ്പെടുത്തണം. ഉണ്ണികൃഷ്ണൻ പോറ്റി പത്മകുമാറിന് അയച്ച ഇമെയിൽ സന്ദേശമാണ് അന്വേഷണത്തിൽ നിര്‍ണായകമായതെന്നാണ് ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തൽ. ഉണ്ണികൃഷ്ണൻ പോറ്റി ദ്വാരപാലക ശിൽപ്പങ്ങളുടെ വിവരം ചോദിച്ച് ഇമെയിൽ അയച്ചു. മെയിൽ അയച്ച് ഒരു മാസം കഴിഞ്ഞപ്പോള്‍ ദ്വാരപാലക ശിൽപം കൈമാറിയെന്നും ഈ സന്ദേശത്തിൽ നിന്നാണ് ഗൂഢാലോചന സംശയിക്കുന്നതെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു


