
7 വര്‍ഷത്തോളമായി കാണാതായ ഭര്‍ത്താവിനെ ഇന്‍സ്റ്റാ റീലില്‍ മറ്റൊരു സ്ത്രീക്കൊപ്പം കണ്ടെത്തി ഭാര്യ. ഉത്തര്‍പ്രദേശിലെ ഹര്‍ദോയിലാണ് സംഭവം.
മരിച്ചെന്ന് വിശ്വസിച്ചിരുന്ന ഭര്‍ത്താവ് ജിതേന്ദ്ര കുമാറിനെയാണ് ഭാര്യ ഷീലു 7 വർഷങ്ങൾക്കിപ്പുറം റീലിൽ കാണുന്നത്. 2017ലാണ് ഷീലുവും ജിതേന്ദ്ര കുമാറും വിവാഹിതരായത്. ഒരു വര്‍ഷത്തിനുള്ളില്‍ ഇരുവരുടേയും ബന്ധം വഷളായി. പിന്നാലെ സ്ത്രീധനം ആവശ്യപ്പെട്ട് ഷീലുവിനെ പീഡിപ്പിക്കുകയും വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. തുടര്‍ന്ന് ജിതേന്ദ്രക്കെതിരെ ഷീലുവിന്റെ കുടുംബം പരാതി നല്കി.

കേസ് നടന്നു കൊണ്ടിരിക്കേ ജിതേന്ദ്രയെ ഒരു ദിവസം കാണാതായി. 2018 ഏപ്രിൽ 20-ന് ജിതേന്ദ്രയുടെ പിതാവ് മകനെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്കി. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ തെളിവൊന്നും കിട്ടിയില്ല. ഇതിനെത്തുടര്‍ന്ന് ജിതേന്ദ്രയെ ഷീലുവും കുടുംബവും കൊലപ്പെടുത്തിയതാണെന്നുവരെ സംശയങ്ങള്‍ ഉയര്‍ന്നു. കൃത്യമായ തെളിവുകളൊന്നും ലഭിക്കാത്തതിനാല്‍ കേസ് അന്വേഷണം പുരോഗമിച്ചില്ല.

വർഷങ്ങളോളം ജിതേന്ദ്ര എവിടെയാണെന്ന് അറിയാന്‍ ഷീലുവിനോ പൊലീസിനോ സാധിച്ചില്ല. ഒടുവില്‍ ഇപ്പോള്‍ ഇന്‍സ്റ്റാ റീലില്‍ കണ്ടെത്തുകയായിരുന്നു. റീലിൽ ജിതേന്ദ്രയുടെ കൂടെ കണ്ടത് അയാളുടെ രണ്ടാം ഭാര്യയാണെന്നാണ് സംശയിക്കുന്നത്. ഷീലു സംഭവം ഉടന്‍ തന്നെ കോട്വാലി സാൻഡില പോലീസിനെ അറിയിച്ചിരിക്കുകയാണ്.

