
മറുനാടൻ മലയാളി യൂടൂബ് ചാനല്‍ ഉടമ ഷാജൻ സ്കറിയയെ ആക്രമിച്ച സംഭവത്തിൽ 4 പേർ പിടിയിൽ. ഇവർക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി. ബംഗളൂരുവിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രത്യേക അന്വേഷണ സംഘം പ്രതികളെ പിടികൂടിയത്.വാര്‍ത്ത നല്‍കിയതുമായി ബന്ധപ്പെട്ടാണ് ആക്രമണമെന്ന് കരുതുന്നു.

തന്നെ ആക്രമിച്ചത് ,കണ്ടാലറിയാവുന്ന സിപിഎം പ്രവർത്തകരാണെന്ന് ഷാജൻ സ്കറിയ മൊഴി നൽകിയിരുന്നു. തന്നെ കൊല്ലാൻ ബോധപൂർവം നടന്ന ശ്രമമാണ് ആക്രമണമെന്ന് ഷാജൻ ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ആക്രമണത്തിന് നേതൃത്വം നൽകിയത് മാത്യൂസ് കൊല്ലപ്പള്ളി എന്ന സിപിഎം പ്രവർത്തകനാണെന്നും 5 പ്രതികളെയും തിരിച്ചറിഞ്ഞെന്നും ഷാജന് വ്യക്തമാക്കി.

ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ഷാജൻ സ്കറിയയെ തൊടുപുഴ മങ്ങാട്ടുകവലയിൽ വെച്ച് അഞ്ചംഗ സംഘം ആക്രമിച്ചത്. ഒരു വിവാഹ ചടങ്ങിൽ പങ്കെടത്ത് മടങ്ങുകയായിരുന്ന ഷാജന്റെ വാഹനത്തിന് പിന്നിൽ ഥാർ ജീപ്പ് ഇടിച്ച ശേഷമായിരുന്നു അതിക്രമം. മര്‍ദ്ദനത്തില്‍ ഷാജന്റെ മൂക്കിന്റെ പാലം തകര്‍ന്നിരുന്നു. മർദ്ദനത്തിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.

