
ദില്ലി ; ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഉപരാഷ്ട്രപതി ജഗദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവെച്ചത്. 3 വർഷം കാലാവധി ബാക്കി നില്‍ക്കെയാണ് രാജി പ്രഖ്യാപനം. മെഡിക്കൽ ഉപദേശങ്ങൾ കൂടി കണക്കിലെടുത്താണ് രാജിയെന്നും അഭിമാനത്തോടെയാണ് പടിയിറങ്ങുന്നതെന്നും അദ്ദേഹം എക്സിൽ കുറിച്ചിരുന്നു. 2022 ഓഗസ്റ്റിലാണ് ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റത്. 2027 വരെ കാലാവധിയുണ്ടായിരുന്നു.ആരോഗ്യ കാരണങ്ങളാൽ കഴിഞ്ഞ മാർച്ച് മാസം മുതൽ ആശുപത്രിയിലായിരുന്നു. ഈ മാസമാണ് അദ്ദേഹം ചുമതലയിൽ തിരികെയെത്തിയത്.

അതിനിടെ ധൻകറിന്റെ അപ്രതീക്ഷിത രാജിക്ക് കാരണം രാജ്യസഭാ കക്ഷി നേതാവും കേന്ദമന്ത്രിയുമായ ജെ പി നദ്ദയും കിരൺ റിജിജുവും ആണെന്ന് വാര്‍ത്തകള്‍ വരുന്നുണ്ട്. ഉപരാഷ്ട്രപതി അധ്യക്ഷത വഹിച്ച ബിസിനസ് അഫയേഴ്സ് കമ്മിറ്റി യോഗത്തിൽ ഇരുവരും പങ്കെടുക്കില്ല എന്നത് മുൻകൂട്ടി അറിയിക്കാത്തതാണ്രാജിക്ക് കാരണമെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. രാവിലെ നടന്ന ആദ്യത്തെ യോഗത്തിൽ നദ്ദയും റിജിജുവും പങ്കെടുത്തിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷത്തെ യോഗത്തിൽ ഇരുവരും പങ്കെടുത്തിരുന്നില്ല. തുടർന്ന് കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് യോഗത്തിനെത്തിയ കേന്ദ്രമന്ത്രി എൽ മുരുകൻ യോഗം മാറ്റിവെക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് ധൻകറിന്റെ രാജി പ്രഖ്യാപനമുണ്ടായത്.
ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഇംപീച്ച്മെൻ്റ് നോട്ടീസിൽ ധൻകറുടെ നീക്കം സർക്കാരിനെ ചൊടിപ്പിച്ചിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്

എന്നാല്‍ രാജിയിൽ കേന്ദ്ര സർക്കാർ മൗനം തുടരുകയാണ്.അടുത്ത നടപടി ആലോചിച്ചിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പുതിയ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് അഡ്വ. ശ്രീധരന് പിള്ള, ആരിഫ് മുഹമ്മദ് ഖാന്, ശശി തരൂർ തുടങ്ങിയ പേരുകള്‍ പരിഗണിക്കുന്നതായുള്ള വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. അതിനിടെ രാജി ഞെട്ടിക്കുന്നതെന്ന് സിപിഎമ്മും കോൺഗ്രസും പ്രതികരിച്ചു. മറ്റു കാരണങ്ങൾ ഉണ്ടോ എന്ന് സർക്കാർ വൃക്തമാക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

