
കണ്ണൂര്‍ ; നവീൻ ബാബുവിന്റെ മരണത്തിൽ ഹൈക്കോടതി സിബിഐ അന്വേഷണം അനുവദിക്കുമെന്നായിരുന്നു പ്രതീക്ഷയെന്ന് ഭാര്യ മഞ്ജുഷ പ്രതികരിച്ചു . ഹർജി തള്ളിയത് വലിയ വിഷമമായി. തുടർ നിയമ നടപടി ആലോചിച്ചു തീരുമാനിക്കുമെന്നും മഞ്ജുഷ അറിയിച്ചു.
പൊലീസിൽ നിന്ന് നീതി കിട്ടാത്തപ്പോഴാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയിലേക്ക് പോയത്. പ്രത്യേക അന്വേഷണ സംഘത്തിൽ വിശ്വാസമില്ല. പ്രധാന പ്രതികളെ എല്ലാം പൊലീസ് സംരക്ഷിക്കുന്നുവെന്നും അന്വേഷണം വഴിമുട്ടിയതായും മഞ്ജുഷ വ്യക്തമാക്കി

അതിനിടെ യൂട്യൂബ് ചാനൽ വഴി നവീൻ ബാബുവിന്റെ സഹോദരനെതിരെ അപവാദ പ്രചരണ നടത്തുന്നതായി മൂത്ത മകൾ നിരഞ്ജന ആരോപിച്ചു. കേസ് അടക്കമുള്ള കാര്യങ്ങൾക്ക് വേണ്ടി ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്നത് അച്ഛന്റെ സഹോദരനാണ്. അദ്ദേഹത്തെ ചില ആളുകൾ യൂട്യൂബ് ചാനലുകളിലൂടെ മനപ്പൂർവ്വം മോശപ്പെടുത്തുകയും അപവാദം പ്രചരിപ്പിക്കുകയും ചെയ്യുകയാണ്. ഞങ്ങളെ അദ്ദേഹം പറ്റിച്ചുവെന്നാണ് അപവാദ പ്രചാരണം. കുടുംബത്തെ തളർത്താനാണ് ഓൺലൈൻ മാധ്യമങ്ങൾ വഴി ഇത്തരം അപവാദ പ്രചാരണം നടത്തുന്നത്. അതു കുടുംബത്തെ വീണ്ടും വേദനിപ്പിക്കുന്നതാണ്. ഇല്ലാത്ത കാര്യങ്ങൾ ദയവായി പ്രചരിപ്പിക്കരുതെന്നും കുടുംബം ആവശ്യപ്പെട്ടു.

അതേ സമയം എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് സഹോദരന് പ്രവീൺ ബാബു വ്യക്തമാക്കി. കുടുംബത്തിനും തനിക്കുമെതിരെ അപവാദ പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയ ഹൈക്കോടതി നടപടി നിരാശാജനകമാണ് നിലവിലെ അന്വേഷണം ശരിയായ ദിശയിൽ അല്ല. പ്രശാന്തിനെ ഇതുവരെ പ്രതി ചേർത്തിട്ടില്ലെന്നും പ്രവീൺ ബാബു ചൂണ്ടിക്കാട്ടി.
നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജി ജനുവരി ആറിനാണ് സിംഗിൾ ബഞ്ച് തള്ളിയത്. തുടര്‍ന്ന് സർക്കാരിലും സിപിഎമ്മിലും ഉന്നത ബന്ധങ്ങളുള്ള പ്രതി പി.പി. ദിവ്യ അന്വേഷണത്തെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനുമുള്ള സാധ്യത സിംഗിൾ ബെഞ്ച് പരിഗണിച്ചില്ലെന്നും അതിനാൽ, അന്വേഷണം സിബിഐക്ക് കൈമാറണമെന്നുമാവശ്യപ്പെട്ടാണ് ഡിവിഷന് ബെഞ്ചില്‍ അപ്പീൽ നൽകിയത്. ഈ അപ്പീല്‍ ആണ് ഡിവിഷന് ബെഞ്ച് തള്ളിയത്

