
പൂനെയിലെ ലോഹഗഡ് കോട്ടയിൽ പ്രതിശ്രുത വരനായ കേതൻ അഗർവാളിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്. കേസിലെ പ്രധാന പ്രതിയായ സിയ ഗോയലിനെതിരെ സ്വന്തം പിതാവ് പ്രവീൺ ഗോയൽ തന്നെ രംഗത്തെത്തി.

“എന്റെ മകൾ കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ, കേതനെ തള്ളിയിട്ട അതേ കോട്ടയിൽ നിന്ന് അവളെയും താഴേക്ക് തള്ളണം.

വധശിക്ഷ നൽകിയാലും എനിക്ക് എതിർപ്പില്ല” എന്നാണ് ഇന്ത്യ ടുഡേ ടിവിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്.
കേതൻ തങ്ങൾക്ക് സ്വന്തം മകനെപ്പോലെയായിരുന്നുവെന്നും, ഈ സംഭവം രണ്ട് കുടുംബങ്ങളെയും തകർത്തുകളഞ്ഞുവെന്നും പ്രവീൺ ഗോയൽ പറഞ്ഞു.
മകൾ മറ്റൊരാളുമായി പ്രണയത്തിലായിരുന്നെന്നോ, ഇത്തരമൊരു ഗൂഢാലോചന ഉണ്ടായിരുന്നെന്നോ കുടുംബത്തിന് യാതൊരു അറിവും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂൺ 18-നാണ് പൂനെയിലെ ലോഹഗഡ് കോട്ടയിൽ നിന്ന് വീണ് കേതൻ മരിച്ചത്. ആദ്യം ട്രെക്കിങ് അപകടമാണെന്ന് കരുതിയിരുന്നെങ്കിലും, അന്വേഷണത്തിൽ ഇത് ആസൂത്രിത കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി.
പോലീസിന്റെ വിവരമനുസരിച്ച്, സിയയും കാമുകനായ ചേതൻ ചൗധരിയും ചേർന്ന് കേതനെ കൊക്കയിലേക്ക് തള്ളിയിട്ടാണ് കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. വിവാഹനിശ്ചയം റദ്ദാക്കിയാൽ കുടുംബത്തിന് നാണക്കേടാകുമെന്ന ഭയമാണ് ഈ കുറ്റകൃത്യത്തിന് പിന്നിലെ കാരണമെന്ന് പൊലീസ് പറയുന്നു.
നിലവിൽ ഇരുവരും പൊലീസ് കസ്റ്റഡിയിലാണ്. കേസിൽ അന്വേഷണം തുടരുകയാണ്.

