

ഹൂസ്റ്റണിലെ എൻആർജി സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് കെ മത്സരത്തിൽ പോർച്ചുഗൽ ഉസ്ബെക്കിസ്ഥാനെ 5-0 ന് പരാജയപ്പെടുത്തി. ആദ്യ മത്സരത്തിൽ കോംഗോയോട് സമനില വഴങ്ങിയ പോർച്ചുഗൽ, ഈ തകർപ്പൻ ജയത്തോടെ ടൂർണമെന്റിലേക്ക് ശക്തമായി തിരിച്ചെത്തി. രണ്ട് ഗോളുകൾ നേടി നായകൻ ക്രിസ്റ്റിയാനോ റൊണാൾഡോ മുന്നിൽ നിന്ന് നയിച്ചപ്പോൾ ആറ് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരം എന്ന ചരിത്ര നേട്ടവും അദ്ദേഹം സ്വന്തമാക്കി.

ആറാം മിനിറ്റിലെ ചരിത്ര ഗോൾ:

കളി തുടങ്ങി ആറാം മിനിറ്റിൽ തന്നെ ജാവോ കാൻസെലോ നൽകിയ ക്രോസ് കൃത്യമായി വലയിലെത്തിച്ച് ക്രിസ്റ്റിയാനോ റൊണാൾഡോ പോർച്ചുഗലിന് ലീഡ് നൽകി.
നുനോ മെൻഡസിന്റെ ഫ്രീകിക്ക് വിസ്മയം:
17-ാം മിനിറ്റിൽ ബോക്സിന് തൊട്ടുപുറത്തുനിന്നും നുനോ മെൻഡസ് എടുത്ത വെടിയുണ്ടപോലെയുള്ള ഫ്രീകിക്ക് ഉസ്ബെക്കിസ്ഥാൻ ഗോൾകീപ്പറെ കാഴ്ചക്കാരനാക്കി വലയിൽ പതിച്ചു (2-0).
റൊണാൾഡോയുടെ ഇരട്ട ഗോൾ:
39-ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിന്റെ അസിസ്റ്റിൽ നിന്നും റൊണാൾഡോ തന്റെ രണ്ടാം ഗോളും പോർച്ചുഗലിന്റെ മൂന്നാം ഗോളും നേടി.
ഉസ്ബെക്കിസ്ഥാന്റെ നിർഭാഗ്യവും ഓൺ ഗോളും:
മത്സരത്തിന്റെ ആദ്യപകുതിയിൽ ഉസ്ബെക്കിസ്ഥാൻ ഒരു ഗോൾ മടക്കിയെങ്കിലും വാർ പരിശോധനയിൽ ഫൗൾ കണ്ടെത്തിയതിനെ തുടർന്ന് അത് റദ്ദാക്കി. തുടർന്ന് 60-ാം മിനിറ്റിൽ ഉസ്ബെക്കിസ്ഥാൻ പ്രതിരോധ താരം അബ്ദുകാദിർ ഖുസനോവിന്റെ പിഴവിൽ നിന്നും വഴങ്ങിയ ഓൺ ഗോൾ പോർച്ചുഗലിന്റെ ലീഡ് 4-0 ആക്കി.
ഫെനിഷിങ് ടച്ചുമായി റാഫേൽ ലിയാവോ:
കളി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ പകരക്കാരനായി ഇറങ്ങിയ റാഫേൽ ലിയാവോ പോർച്ചുഗലിന്റെ അഞ്ചാം ഗോൾ പൂർത്തിയാക്കി പട്ടിക തികച്ചു.





