
അറ്റ്ലാന്റ: സൗദി അറേബ്യയെ തകർത്ത് ആദ്യ ജയം സ്വന്തമാക്കി സ്പെയിൻ. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് സ്പെയിനിന്റെ തകർപ്പൻ വിജയം. മൈക്കൽ ഒയർസബാൽ ഇരട്ട ഗോളുകളും സ്പെയിൻ സൂപ്പർ താരം ലമീൻ യമാൽ ഒരു ഗോളും നേടി. 49–ാം മിനിറ്റിലേത് സൗദിയുടെ സെൽഫ് ഗോളായിരുന്നു.
ലമീൻ യമാൽ ആണ് സ്പെയിനിന് വേണ്ടി ആദ്യ ഗോൾ നേടിയത്. മത്സരത്തിന്റെ പത്താം മിനിറ്റിലായിരുന്നു യമാലിന്റെ മുന്നേറ്റം. ബോക്സിന്റെ ഇടതു വിങ്ങിൽനിന്ന് മൈക്കൽ ഒയാർസബാൽ നൽകിയ ക്രോസ് യമാൽ കൃത്യമായി വലയിലേക്ക് കയറ്റി. ലോകകപ്പിൽ യമാലിന്റെ ആദ്യ ഗോളാണിത്.

21–ാം മിനിറ്റിലായിരുന്നു രണ്ടാം ഗോൾ. കോർണർ കിക്കിനു പിന്നാലെ സൗദി ബോക്സിനകത്തുണ്ടായ കൂട്ടപ്പൊരിച്ചിലിനൊടുവിൽ മൈക്കൽ ഒയർസബാൽ ബോക്സിന്റെ ഇടതു വിങ്ങിൽനിന്നു പോസ്റ്റ് ലക്ഷ്യമാക്കി ഷൂട്ട് ചെയ്യുകയായിരുന്നു. ഗോൾ കീപ്പർക്ക് എന്തെങ്കിലും ചെയ്യാനാകുന്നതിന് മുൻപുതന്നെ പന്ത് പോസ്റ്റിന്റെ വലതു മൂലയിലൂടെ അകത്തേക്ക്. മൂന്നു മിനിറ്റിനു ശേഷം ഒയർസബാലിന്റെ രണ്ടാം ഗോൾ പിറന്നു. ബോക്സനികത്തുനിന്ന് ഹെഡ് ചെയ്ത് കിട്ടിയ ബോൾ പോസ്റ്റിന് തൊട്ടുമുന്നിൽനിന്ന് താരം ഗോൾവലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു; ഒയർസബാലിന് ഡബിൾ. ആദ്യ പകുതി 3–0 എന്ന സ്കോറിന് അവസാനിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ വീണ്ടും സൗദിയുടെ ഗോൾവല കുലുങ്ങി. ഇത്തവണ സെൽഫ് ഗോളായിരുന്നെന്നു മാത്രം. 49-ാം മിനിറ്റിൽ സ്പെയിനിന്റെ അലക്സ് ബേന എടുത്ത കോർണർ കിക്ക് നേരെ പോസ്റ്റിന് വലതുമൂലയിൽ നിന്ന മാർക്ക് കുകുറെല്ലയുടെ കാലിൽ. കുകുറെല്ല അടിച്ച മനോഹരമായ വോളി സൗദി താരം ഹസൻ അൽതംബക്തിയുടെ കാലിൽ തട്ടി വലയിലേക്ക്. സെൽഫ് ഗോൾ കൂടിയായതോടെ സ്പെയിൻ –4 സൗദി അറേബ്യ–0.
ഇൻജറി ടൈമിൽ സ്പെയിനിന്റെ ഫെറാൻ ടോറൈസ് സൗദി അറേബ്യയുടെ ഗോൾ വല വീണ്ടും കുലുക്കിയെങ്കിലും വാർ പരിശോധനയിൽ ഓഫ് സൈഡ് ആണെന്ന് തെളിഞ്ഞു. മത്സരത്തിന്റെ തുടക്കം മുതൽ സ്പെയിനിന്റെ സമ്പൂർണ ആധിപത്യമാണ് കണ്ടത്. ഏതാനും ഷോട്ടുകൾ മാത്രമാണ് സൗദിക്ക് സ്പെയിനിനു നേരെ തൊടുക്കാനായത്.

