
വിദ്യാർത്ഥിനിയും അധ്യാപകനും തമ്മിലുണ്ടായിരുന്ന ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം പീഡനമായി കണക്കാക്കാനാകില്ലെന്ന്
അലഹബാദ് ഹൈക്കോടതി. തൻ്റെ വിദ്യാർത്ഥിനിയുമായി ബന്ധത്തിലേർപ്പെട്ടതിനെ തുടർന്ന് അധ്യാപകനെ പിരിച്ചു വിട്ട കോളേജ് അധികൃതരുടെ നടപടി റദ്ദാക്കിക്കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിലാണ് കോടതി ഇക്കാര്യം പറഞ്ഞത്. അതേസമയം അധ്യാപകനിൽ നിന്നുണ്ടാകാൻ പാടില്ലാത്ത പെരുമാറ്റമാണ് ഉണ്ടായതെന്നും കോടതി വിലയിരുത്തി. പ്രയാഗരാജിലെ മോട്ടിലാൽ നെഹ്റു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലായിരുന്നു സംഭവം.
1997നും 2000 നും ഇടയിൽ മാസ്റ്റേഴ്സ് കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥിനി 2003ൽ നൽകിയ പരാതിയെ തുടർന്നാണ് എംഎൻഎൻഐടി അധ്യാപകനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. ഒരു അധ്യാപകനിൽ നിന്ന് പ്രതീക്ഷിക്കുന്ന ഉയർന്ന ധാർമ്മിക മാനദണ്ഡങ്ങൾ ഹർജിക്കാരൻ പാലിച്ചിട്ടില്ലായിരിക്കാം. പക്ഷേ 2006 ൽ അദ്ദേഹത്തിന് ചുമത്തിയ പിരിച്ചു വിടൽ എന്ന കഠിനമായ ശിക്ഷ അനുപാത രഹിതവും ഞെട്ടിക്കുന്നതുമാണെന്ന് ജസ്റ്റിസ് ഷംഷെരി നിരീക്ഷിച്ചു

അധ്യാപകൻ തന്നെ മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയാക്കിയതായും നിർബന്ധിച്ച് ശാരീരിക ബന്ധത്തിലേർപ്പെട്ടതായും വിദ്യാർത്ഥി പരാതിയിൽ ആരോപിച്ചു. കോളേജ് വിട്ട് മൂന്ന് വർഷത്തിന് ശേഷം അധ്യാപകൻ മറ്റൊരു സ്ത്രീയുമായി വിവാഹം നിശ്ചയിച്ചതോടെയാണ്
പരാതി നൽകിയത്. ബലാത്സംഗ ആരോപണത്തെ തുടര്‍ന്ന് എംഎൻഎൻഐടി രൂപീകരിച്ച അഞ്ചംഗ കമ്മിറ്റി യുവതി പരാതി നൽകാൻ വൈകിയതില്‍ സംശയം പ്രകടിപ്പിച്ചു. തുടർന്ന്, വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ ഏകാംഗ അന്വേഷണ കമ്മീഷനെ നിയമിച്ചു. പരാതിക്കാരിയുമായി ബന്ധമുണ്ടെന്ന് സമ്മതിച്ച അധ്യാപകൻ, അത് പരസ്പര സമ്മതത്തോടെയുള്ളതാണെന്നും ഇൻസ്റ്റിറ്റ്യൂട്ട് വിട്ടതിന് ശേഷവും ബന്ധം തുടർന്നെന്നും ചൂണ്ടിക്കാട്ടി. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2006 ഫെബ്രുവരി 28 ന് ഇൻസ്റ്റിറ്റ്യൂട്ട് അധ്യാപകനെ പിരിച്ചു വിടുകയായിരുന്നു. തുടർന്നാണ് അധ്യാപകൻ കോടതിയെ സമീപിച്ചതും 19 വര്‍ഷങ്ങള്‍ക്ക് ശേഷം അനുകൂല വിധി നേടുന്നതും


